കൊല്ലത്ത് ലെയ്‌സ് നൽകാത്തതിന് യുവാവിനെ മർദ്ദിച്ച കേസ്; ഒരാൾ അറസ്റ്റിൽ
കൊല്ലത്ത് ലെയ്‌സ് നൽകാത്തതിന് യുവാവിനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് പേർ ഒളിവിലാണ്. കൊല്ലം വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ലെയ്‌സ് ചോദിച്ചാണ് മർദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
കൊല്ലം വാളത്തുങ്കൽ ഫിലിപ്പ് മുക്കിൽ ഇന്നലെ വൈകുന്നേരത്താണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് വാടകയ്ക്ക് താമസിക്കാൻ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ. കണ്ടു പരിചയമുള്ളവരാണ് തന്നെ മർദ്ദിച്ചതെന്ന് നീലകണ്ഠൻ പറഞ്ഞു. എട്ടോളം പേർ ചേർന്ന് മർദ്ദിച്ചു എന്നാണ് പൊലീസിൽ നൽകിയിരിക്കുന്ന പരാതി. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു.