Wednesday, January 8, 2025
Wayanad

കോവിഡ് പരിശോധനഫലം ഇനി വേഗത്തില്‍; ജില്ലാ പഞ്ചായത്ത് വക 62 ലക്ഷം രൂപയുടെ ആര്‍.ടി.പി.സി.ആര്‍ എക്‌സ്ട്രാക്ടര്‍ മെഷിന്‍ കൈമാറി

ജില്ലയിലെ കോവിഡ് പരിശോധന സംവിധാനം വേഗത്തിലാക്കാന്‍ വയനാട് ജില്ലാ പഞ്ചായത്തിന്റെ വക ജില്ലാ ഭരണകൂടത്തിന് ആര്‍.ടി.പി.സി ആര്‍, ആര്‍.എന്‍.എ എക്സ്ട്രാക്ടര്‍ മെഷീന്‍. കലക്ടറേറ്റ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് മെഷിന്‍ കൈമാറി. 62 ലക്ഷം രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് നൂതന പരിശോധന മെഷിനും അനുബന്ധ ഉപകരണങ്ങളും ജില്ലയ്ക്കായി സജ്ജമാക്കിയത്.

 

കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് പരിശോധനാ സൗകര്യങ്ങള്‍ ജില്ലയില്‍ വിപുലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പുതിയ മെഷിന്‍ എത്തിയതോടെ പരിശോധന ഫലങ്ങള്‍ വേഗത്തിലാകും. ദിനംപ്രതി ആയിരത്തോളം സാമ്പിളുകള്‍ ഈ മെഷീന്‍ വഴി പരിശോധിക്കാന്‍ കഴിയും. സാമ്പിള്‍ പരിശോധന വേഗത്തിലാകുന്നതോടെ രോഗവ്യാപനത്തിന് തടയിടാന്‍ കഴിയും. ദുരന്ത നിവാരണ സമിതി ഏറ്റെടുത്ത മെഷിന്‍ പൂക്കോട് വെറ്ററിനറി കോളേജ് ലാബില്‍ ആദ്യഘട്ടത്തില്‍ സജ്ജീകരിക്കും. പിന്നീട് മൃഗസംരക്ഷണ വകുപ്പിന് കൈമാറും. കോവിഡ് പരിശോധനയ്ക്ക് പുറമെ പക്ഷിപ്പനി, കുരങ്ങുപനി പോലുള്ള രോഗ നിര്‍ണ്ണയങ്ങള്‍ക്കും മെഷിന്‍ പ്രയോജനപ്പെടുത്താം.

 

ജില്ലയിലെ കോവിഡ് പരിശോധന സംവിധാനത്തിന് പുതിയ മെഷിന്‍ കൂടുതല്‍ മുതല്‍ക്കൂട്ടാവുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, ഡെപ്യൂട്ടി കളക്ടര്‍ വി.അബൂബക്കര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.പി.സുനില്‍കുമാര്‍, ഡോ.കെ.മുഹമ്മദ്കുട്ടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ഷൈജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

……

 

(ചിത്രം) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് ആര്‍.ടി.പി.സി.ആര്‍ മെഷിന്‍ കൈമാറുന്നു

Leave a Reply

Your email address will not be published. Required fields are marked *