Sunday, January 5, 2025
Wayanad

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സുൽത്താ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിൽ തുടങ്ങി; പ്രഖ്യാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു

സുൽത്താൻ ബത്തേരി:ജില്ലയില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ലാബ് സജ്ജമായി. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിലാണ് ടെസ്റ്റ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയത്. ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ.ബി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കേളേജിനെയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കായി ഇതുവരെ ആശ്രയിച്ചിരുന്നത്. ജില്ലയില്‍ തന്നെ ടെസ്റ്റ് നടത്തുന്നതോടെ പരിശോധന ഫലങ്ങളും വേഗത്തില്‍ ലഭ്യമാകും. നിലവില്‍ ഒരു ഒരു ആര്‍.ടി.പി.സി.ആര്‍ പരിശോധന മെഷീനാണ് സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഒരുക്കിയത്. ഇതു കൂടാതെ പരിശോധനക്കായി നാല് ട്രൂനാറ്റ് മെഷീനും ഒരു സി.ബി നാറ്റ് മെഷീനും ഇവിടെയുണ്ട്. എട്ട് സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്. ലാബ് പൂര്‍ണ്ണ സജ്ജമാകുന്നതോടെ ഒരു ദിവസം 500 പരിശോധനകള്‍ വരെ നടത്താനാകും.

നിലവില്‍ ജില്ലയില്‍ ഒരു ദിവസം ആയിരത്തോളം സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഇതുവരെ ആകെ 29060 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 16252 ആര്‍.ടി.പി.സി.ആര്‍, 338 ട്രൂനാറ്റ്, 12470 ആന്റിജന്‍ പരിശോധനകള്‍ ഉള്‍പ്പെടും. സ്രവങ്ങള്‍ ശേഖരിക്കുന്നതിന് നാല് മൊബൈല്‍ വിസ്‌ക്കുകള്‍ ഉള്‍പ്പെടെ 30 വിസ്‌ക്കുകള്‍ പ്രവര്‍ത്തന സജ്ജമാണ്. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അടിയന്തരമായി ലാബ് ഒരുക്കിയത്. പൂക്കോട് വെറ്റിനററി ആശുപത്രിയിലെ വൈറോളജി ലാബിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. മേപ്പാടി വിംസ്, സുല്‍ത്താന്‍ ബത്തേരിയിലെ ഇഖ്‌റ, വിനായക എന്നീ സ്വകാര്യ ആശുപത്രികളും ടെസ്റ്റിംഗ് സൗകര്യം ഒരുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *