Thursday, April 17, 2025
Wayanad

വയനാട് ജില്ലാ ആസ്പത്രിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലാ ആസ്പത്രിയുടെ സമഗ്രവികസനത്തിനായി പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളോടൊത്ത് ആസ്പത്രിയില്‍  നടത്തിയ സന്ദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   ഇരുപത്തിയഞ്ച് വര്‍ഷം മുന്നില്‍ കണ്ടുളള വികസന പ്രവര്‍ത്തനങ്ങളാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്പത്രിയില്‍ പെട്ടെന്ന് നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുളള ജനപ്രതിനിധികളുടെയും ആരോഗ്യവകപ്പ്, എന്‍.എച്ച്.എം. മറ്റ് വിവിധ വകുപ്പുകളും ജില്ലാ ആസ്പത്രിക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ ഏകോപിപ്പിച്ച് മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് ഉപയോഗിക്കും. നിലവില്‍ കോവിഡ് ആശുപത്രിയാക്കിയത് മൂലം  പൊതുജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പറഞ്ഞു.  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ബഷീര്‍, പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി അധ്യക്ഷ ബീന ജോസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമന്‍, ആര്‍.വിജയന്‍, എ.എന്‍.സുശീല എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എ.പി ദിനേശ്കുമാര്‍, ആര്‍.എം.ഒ.ഡോ. സക്കീര്‍ എന്നിവര്‍ ഭരണസമിതി അംഗങ്ങളെ സ്വീകരിച്ചു.  തുടര്‍ന്ന് അംഗങ്ങള്‍ ജില്ലാ ആസ്പത്രിയിലെ നിര്‍മ്മാണ പ്രവൃത്തികളും നേരില്‍ കണ്ട് വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *