Sunday, April 13, 2025
Top NewsWayanad

വയനാട്ടില്‍ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; വാഹനം തകര്‍ത്തു

കല്‍പ്പറ്റ: തോല്‍പ്പെട്ടിയില്‍ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പാഞ്ഞടുത്ത കാട്ടാന വാഹനം കൊമ്പില്‍ കോര്‍ത്തു. തലനാരിഴക്കാണ് വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ അജയ കുമാര്‍, സി.ഇ.ഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ കഴിഞ്ഞ രാത്രി സഞ്ചരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. തിരുനെല്ലി തെറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. മറ്റൊരു വാഹനത്തിന് അരിക് നല്‍കുന്നതിനിടെ വനത്തിനുള്ളില്‍ നിന്ന് പാഞ്ഞടുത്ത ആന വാഹനം ആക്രമിക്കുകയായിരുന്നു. മുന്‍ഭാഗത്ത് കൊമ്പ് കുത്തിയിറക്കിയ ആന വാഹനം ഉയര്‍ത്തി മറിച്ചിടാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥര്‍ ബഹളം വെച്ചതോടെയാണ് ആന പിന്‍മാറിയത്. ഇതിനിടെ ഡ്രൈവര്‍ മനോധൈര്യം കൈവിടാതെ വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഉദ്യോഗസ്ഥര്‍ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

 

 

Leave a Reply

Your email address will not be published. Required fields are marked *