കോഴിക്കോട് ജില്ലയില്‍ കൊവിഡ് മരണങ്ങള്‍ കൂടിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം: ഡിഎംഒ
കോഴിക്കോട്: നിപ മരണം റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ജില്ലയില്‍ കൊവിഡ് മരണങ്ങള്‍ കൂടിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. ജയശ്രീ വി അറിയിച്ചു.
കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്ന മരണങ്ങളാണ് അതാത് ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് അന്നേ ദിവസം തന്നെ നടന്ന മരണങ്ങളാകണമെന്നില്ല എന്നും ഡി എം ഒ കൂട്ടിച്ചേര്‍ത്തു. കൊവിഡ് കണ്ട്രോള്‍ റൂമില്‍ നിന്ന് ആരെയും മാറ്റിയിട്ടില്ല. സുപ്രധാന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ആര്‍ക്കും നിപ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയിട്ടില്ലെന്ന് ഡി എം ഒ വ്യക്തമാക്കി.
നിപയുടെ അധിക ചുമതല ചിലര്‍ക്ക് കൂടി നല്‍കി നിപ പ്രതിരോധവും കോവിഡ് പ്രതിരോധവും മികച്ച രീതിയിലാണ് മുന്നോട്ട് കൊണ്ടു പോകുന്നത്. മാത്രവുമല്ല ഈ സാഹചര്യത്തില്‍ നോണ്‍ കൊവിഡ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ചിലരെ കൂടി കോവിഡ് കണ്ട്രോള്‍ റൂമിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ജില്ലാതലം മുതല്‍ വാര്‍ഡ് തലം വരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നു. കൊവിഡ്ടെസ്റ്റിങ് , വാക്‌സിനേഷന്‍ എന്നിവയെല്ലാം മികച്ച രീതിയിലാണ് നടന്നു വരുന്നത്.