വാളാട് ക്ലസ്റ്റർ രോഗമുക്തമായി- വയനാട് ഡി.എം.ഒ
ജില്ലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വാളാട് ക്ലസ്റ്റർ പൂർണമായും രോഗമുക്തമായി. വാളാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ
ആരോഗ്യ പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും ആശ, അംഗൻവാടി പ്രവർത്തകരുടെയും ദ്രുതകർമ്മ സേന പ്രവർത്തകരുടേയും സംയുക്തമായ പ്രവർത്തന ഫലമായാണ് ഈ ലക്‌ഷ്യം കൈവരിച്ചത്.
രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളിൽനിന്നും നല്ല സഹകരണം ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. രോഗപ്പകർച്ച തടയുന്നതിന് ജില്ലയിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഎംഒ അഭ്യർത്ഥിച്ചു. 60 വയസ്സിന് മുകളിൽ പ്രായമായവർ, ഏതെങ്കിലും രോഗത്തിന് ചികിത്സയിൽ ഉള്ളവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങുന്നവർ മറ്റുള്ളവരിൽ നിന്നും രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം, കൈകൾ ഇടയ്ക്കിടെ സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം, മാസ്ക് വായും മൂക്കും മറയത്തക്ക വിധത്തിൽ ധരിക്കണം.
നിലവിലെ സാഹചര്യത്തിൽ രോഗം ആരിൽനിന്നും പകരാം അതുകൊണ്ട് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കേണ്ടതാണ്.