നിശബ്‌ദനാക്കാൻ ശ്രമിക്കുന്നവരുടെ മുമ്പിൽ രാഹുൽ ധീരനായി നിൽക്കും, നിങ്ങളാണ് ഞങ്ങളുടെ കുടുംബം ; പ്രിയങ്ക ഗാന്ധി
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. രാഹുലിനെ വേട്ടയാടുന്നത് ഭരണകൂടത്തിന് മറുപടി പറയാൻ സാധിക്കാത്ത ചോദ്യം ചോദിച്ചതിനാലാണ്. നിശബ്‌ദിക്കാൻ ശ്രമിക്കുന്നവരുടെ മുമ്പിൽ രാഹുൽ ഗാന്ധി ധീരനായി നിൽക്കും. ചോദ്യം ചോദിക്കുന്നത് പാർലമെന്റ് അംഗത്തിന്റെ കടമയാണ്. ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. ഗൗതം അദാനിയെ സംരക്ഷിക്കനാണ് എല്ലാ സർക്കാർ സംവിധാനങ്ങളും ശ്രമിക്കുന്നത്.
നിങ്ങളുടെ എം.പിയുടെ ഭാവി കോടതിയുടെ കൈകളിലാണെന്നും നാലേകാൽ ലക്ഷം വോട്ടിന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ സ്ഥാനം സാങ്കേതികത്വങ്ങൾ കുരുങ്ങിക്കിടക്കുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യം ഒരു നിർണായക ഘട്ടത്തിലാണ്. എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന. ഏത് എതിർ ശബ്ദത്തെയും നിശബ്ദമാക്കാമെന്നാണ് സർക്കാർ കരുതുന്നത്. നമ്മുടെ പ്രതിരോധ സംവിധാനങ്ങളടക്കം ഭരണകൂടം അവരുടെ ബിസിനസ് സുഹൃത്തുകൾക്ക് തീറെഴുതി കൊടുക്കുകയാണ്.
കഴിഞ്ഞ ദിവസം താൻ രാഹുലിന്റെ വീട് ഒഴിയുന്നതിൽ സഹായിക്കുകയായിരുന്നുവെന്നും അതുപോലെയുള്ള അവസ്ഥ തനിക്കും ഉണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് തണലായി ഭർത്താവും മക്കളുമുണ്ടായപ്പോൾ രാഹുലിന് അത്തരം അത്താണികളുണ്ടായിരുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
അടുത്ത ദിവസം വയനാട്ടിലേക്ക് പോകുകയല്ലേയെന്നും എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോൾ അതൊന്നും കാര്യമാക്കേണ്ടതില്ല. വയനാട്ടുകാർ നമ്മുടെ കുടുംബമാണെന്നും രാഹുൽ പറഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു.