ഭയമില്ലാത്തവരെയാണ് കോൺഗ്രസിന് വേണ്ടത്; അല്ലാത്തവർക്ക് ആർ എസ് എസിലേക്ക് പോകാം: രാഹുൽ ഗാന്ധി
ഭയമില്ലാത്ത നേതാക്കളെയാണ് കോൺഗ്രസിന് വേണ്ടതെന്നും അല്ലാത്തവർക്ക് പാർട്ടി വിട്ടു പോകാമെന്നും രാഹുൽ ഗാന്ധി. സാമൂഹ്യ മാധ്യമവിഭാഗത്തിന്റെ യോഗത്തിലാണ് രാഹുലിന്റെ പരാമർശം. ഭയമില്ലാത്ത ഒട്ടേറെ പേർ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്ക് എത്തിക്കണം. ഭയമുള്ള കുറേ പേർ നമ്മുടെ പാർട്ടിയിലുണ്ട്. അവർക്ക് ആർ എസ് എസിലേക്ക് പോകാം.
ഭയമില്ലാത്തവരെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രമെന്നും രാഹുൽ ഗാന്ധി. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളെ പരോക്ഷമായി സൂചിപ്പിച്ചാണ് രാഹുലിന്റെ പ്രസംഗം.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറിനുള്ള ക്ഷണം കൂടിയാണ് രാഹുലിന്റെ പരാമർശമെന്നാണ് വിലയിരുത്തുന്നത്.