അങ്കം വെട്ടിനൊരുങ്ങി കന്നഡ നാട്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മെയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20 ആണ്. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും.
150 സീറ്റുകളുടെ ആദ്യ പട്ടിക ഇന്ന് വൈകുന്നേരത്തോടെ പുറത്തുവിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ബിജെപി എംഎല്‍എ ഈശ്വരപ്പ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതായി കെഎസ് ഈശ്വരപ്പ പാര്‍ട്ടി അധ്യക്ഷനയച്ച കത്തില്‍ പറയുന്നു.
മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഈശ്വരപ്പ നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഈശ്വരപ്പയുടെ തീരുമാനത്തോട്, രാഷ്ട്രീയത്തില്‍ നിശ്ചിത പ്രായം കഴിഞ്ഞാല്‍ ചെറുപ്പക്കാര്‍ക്ക് ഇടം നല്‍കണമെന്ന സന്ദേശമാണ് നല്‍കുന്നതെന്നും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബിജെപിയുടെ സംസ്‌കാരം ഇതാണെന്നും ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.കര്‍ണാടകയില്‍ പൂര്‍ണത്തോടെ ബിജെപി സര്‍ക്കാരിനെ വിജയത്തിലെത്തിക്കുക എന്നതാണ് അജണ്ടയെന്ന് ഈശ്വരപ്പ വ്യക്തമാക്കി/.
അതിനിടെ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബി എസ് യെദ്യൂരപ്പയെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാനാണ് കര്‍ണാടകയില്‍ ബിജെപി നീക്കം നടത്തുന്നത്. ലിംഗായത്ത വോട്ട് ബാങ്ക് ലക്ഷ്യം വച്ച് യെദ്യൂരപ്പയെ മുന്‍നിര്‍ത്തി വിപുലമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം വരും തെരഞ്ഞെടുപ്പുകള്‍ക്കായുള്ള ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍.