സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടി’; ഗവർണർക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കി. ഗവർണറുടെത് സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണെന്നും സിൻഡിക്കേറ്റ് വിലയിരുത്തി. വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി സർവകലാശാലകളുടെ കുതിപ്പ് സ്തംഭിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.
വിസിമാര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. സര്‍വകലാശാല നിയമനങ്ങളിൽ ഗവര്‍ണര്‍ പരസ്യമായി രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. പിന്നാലെ 11 സര്‍വകലാശാലകളിലെയും വിസിമാരോട്
ഗവർണർ രാജി ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ ഗവർണറും സർക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിക്കുന്നത്. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‍നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോരെന്നും. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഒന്‍പത് സർവകലാശാലകൾ ഭരണപ്രതിസന്ധിയിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.