നടപടി ചട്ട വിരുദ്ധം’; ഗവർണർക്കെതിരെ വൈസ് ചാൻസിലറുടെ വിമർശനം
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഗവർണർക്കെതിരെ വൈസ് ചാൻസിലറുടെ വിമർശനം. വൈസ് ചാൻസിലർ നിയമനത്തിന് രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്ന് വൈസ് ചാൻസിലർ ആരോപിച്ചു. കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നും വി.സി പറഞ്ഞു. രാജ്ഭവന്റെ തീരുമാനം അറിഞ്ഞശേഷം തുടർനടപടിയെടുക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഗവർണറും സർവകലാശാലയും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേർന്നത്. നിലവിലുള്ള സാഹചര്യവും സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനധിയെ നിയോഗിക്കാത്തതും വൈസ് ചാൻസിലർ വി.പി.മഹാദേവൻപിള്ള യോഗത്തിൽ വിശദീകരിച്ചു. വൈസ് ചാൻസിലർ നിയമനത്തിന് ചട്ടപ്രകാരം മൂന്നംഗങ്ങളുള്ള സെർച്ച് കമ്മിറ്റിയാണ് ഗവർണർ നിയോഗിക്കേണ്ടത്. രണ്ടംഗങ്ങളെ നിയോഗിക്കുകയും പിന്നീട് സർവകലാശാലയോട് പ്രതിനിധിയെ ആവശ്യപ്പെടുന്നതും ചട്ട വിരുദ്ധമാണ്. രണ്ടംഗങ്ങൾ മാത്രമായി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ കഴിയില്ല. സർവകലാശാലയുടെ പ്രതിനിധിയെയാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്. സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നും വൈസ് ചാൻസിലർ പറഞ്ഞു. തുടർന്ന് സെനറ്റ് ചേരുന്നതിൽ തീരുമാനമെടുക്കാതെ കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിയുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈസ് ചാൻസിലർ ഗവർണർക്ക് രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ഇതിന് രാജ്ഭവന്റെ മറുപടി ലഭിച്ചിട്ടില്ല. രാജ്ഭവന്റെ മറുപടി ലഭിച്ചശേഷം ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാമെന്നും തീരുമാനിച്ചു. സെനറ്റ് യോഗം വിളിക്കണോ അതോ മറ്റേതെങ്കിലും നടപടിയെടുക്കണോമെന്നത് ഗവർണറാണ് തീരുമാനിക്കേണ്ടതെന്നാണ് സിൻഡിക്കേറ്റിന്റെ നിലപാട്.