സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടു; സർക്കാർ ഡാറ്റ മറച്ചുവെക്കുന്നുവെന്നും വി ഡി സതീശൻ
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കൊവിഡുമായി ബന്ധപ്പെട്ട ഡാറ്റ സർക്കാർ മറച്ചുവെക്കുന്നു. മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനെ ഇത് തടസ്സപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
കോൺടാക്ട് ട്രേസിംഗ് കേരളത്തിൽ പരാജയമാണ്. ഒരാൾ പോസിറ്റീവായാൽ 20 പേരെ ടെസ്റ്റ് ചെയ്യണമെന്നിരിക്കെ 1:15 എന്നതാണ് കേരളത്തിലെ കണക്ക്. വാക്‌സിൻ ചലഞ്ച് ഫണ്ടായി 817 കോടി രൂപ സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്. ആരോഗ്യ സെക്രട്ടറി അടക്കമുള്ള ചില ഐഎഎസ് ഉദ്യോഗസ്ഥർ കൊവിഡ് നിയന്ത്രണം ഹൈജാക്ക് ചെയ്തിരിക്കുകയാണ്
സർക്കാർ ആശുപത്രികളിലെ ജനറൽ വാർഡിലെ ബെഡ്ഡിന് 750 രൂപ ഏർപ്പെടുത്തിയ തീരുമാനം ഒരു ഉദാഹരണമാണ്. ഈ ഉത്തരവ് പിൻവലിക്കാൻ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ആർടിപിസിആർ ടെസ്റ്റ് ഇപ്പോഴും മുപ്പത് ശതമാനം മാത്രമാണ്. ആന്റിജൻ ടെസ്റ്റ് വിശ്വാസ്യ യോഗ്യമല്ല. തമിഴ്‌നാട് 100 ശതമാനം ആർടിപിസിആറാണ് ഉപയോഗിക്കുന്നതെന്നും സതീശൻ പറഞ്ഞു.