Saturday, October 19, 2024
Kerala

മരംമുറി വിവാദം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നു: വിഡി സതീശൻ

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മരം മുറി കേസിൽ പ്രധാന രേഖകൾ പുറത്തു വന്നതിനു പിന്നാലെ വിവരാവകാശ രേഖ നൽകിയ അണ്ടർ സെക്രട്ടറി നിർബന്ധിത അവധിയെടുത്തിരിക്കുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റേത് സ്റ്റാലിൻ ഭരണമാണോയെന്ന് വി ഡി സതീശൻ ചോദിച്ചു.

സ്വർണക്കടത്ത് കേസ് അന്വേഷണം മന്ദഗതിയിലാണ്. കേന്ദ്രവും സംസ്ഥാനവുമുള്ള ഒത്തുകളി സംശയം ശക്തമാവുകയാണ്. കുഴൽപ്പണ കേസന്വേഷണവും ലാഘവത്തിലാണ്. മുവാറ്റുപുഴ പോക്സോ കേസിലെ മാത്യു കുഴൽ നാടന്റെ ഇടപെടൽ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്ന ഡി വൈ എഫ് ഐക്കാർ ആദ്യം വണ്ടി പെരിയാറിലും പിന്നീട് വടകരയിലും പോകണമെന്നും വി ഡി സതീശൻ പരിഹസിച്ചു.

നിയമസഭ കയ്യാങ്കളി കേസിൽ സിപിഎമ്മിന്റേത് ദുർബല വാദമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. കെ എം മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. ഉമ്മൻ ചാണ്ടി ബഡ്ജറ്റ് അവതരിപ്പിച്ചാൽ എതിർക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. അത് തെളിയിക്കുന്ന സഭാ രേഖയുണ്ട്. സിപിഎം മറന്നാലും ജോസ് കെ മാണി അത് മറക്കരുതെന്നും വി ഡി സതീശൻ വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ സംസ്ഥാനത്ത് പെരുകുകയാണ്. ഇതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ലഹരി മരുന്നിന്റെ വ്യാപനം തടയണം. കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഇത് സഹായകമാകുമെന്നും വി ഡി സതീശൻ വിശദമാക്കി.

കോവിഡ് മരണ നിരക്ക് സംബന്ധിച്ച് വ്യക്തമായ ഉത്തരം സർക്കാർ നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐ സി എം ആർ മാനദണ്ഡമനുസരിച്ച് കോവിഡ് മരണ നിരക്ക് പുനഃപരിശോധിക്കണമെന്നും ഒന്നാം തരംഗത്തിലേയും രണ്ടാം തരംഗത്തിലേയും മരണത്തിന്റെ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.