കൊവിഡ് മരണക്കണക്കിൽ അട്ടിമറി നടന്നുവെന്ന് വി ഡി സതീശൻ
സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കിൽ അട്ടിമറി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഐസിഎംആർ മാനദണ്ഡങ്ങൾ സർക്കാർ അട്ടിമറിച്ചു. മരണം കുറച്ചു കാണിക്കാൻ ഗൂഢാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു
ഒട്ടേറെ കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്ന് പുറത്തായി. ഇത് പുറത്തുവരുമോയെന്ന ആശങ്കയാണ് ആരോഗ്യമന്ത്രിക്ക്. ഡിവൈഎഫ്‌ഐ നേതാവ് പി ബിജു കൊവിഡ് ബെഡ്ഡിൽ കിടന്നാണ് മരിച്ചത്. ഈ സർക്കാരിന്റെ കണക്കിൽ അത് കൊവിഡ് മരണമല്ല. ഡോക്ടർമാരാണ് മരണകാരണം നിശ്ചയിക്കേണ്ടതെന്നിരിക്കെ തിരുവനന്തപുരത്തെ ഒരു വിദഗ്ധ സമിതിയാണ് കേരളത്തിലെ കൊവിഡ് മരണങ്ങൾ നിശ്ചയിച്ചത്. ഐസിഎംആർ മാനദണ്ഡങ്ങളുടെ ലംഘനമാണിത്
സർക്കാർ വെബ്‌സൈറ്റിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകളില്ല. കൊവിഡ് മരണമെന്ന് തെളിയിക്കാൻ ബന്ധുക്കൾ എവിടെ പോകണം. ആർക്കാണ് ഇവർ പരാതി നൽകേണ്ടത്. ഇവരുടെ കൈവശം എന്ത് തെളിവുകളാണുള്ളതെന്നും സതീശൻ ചോദിച്ചു
കൃത്യമായ കണക്ക് സർക്കാർ പുറത്തുവിടണം. കേന്ദ്രം സഹായധനം പ്രഖ്യാപിച്ച ശേഷം കണക്കുകൾ തിരുത്തിയാൽ ആക്ഷേപത്തിന് ഇടയാക്കും. സർക്കാർ പരിശോധനക്ക് തയ്യാറല്ലെങ്കിൽ പ്രതിപക്ഷം ആ ജോലി ചെയ്യുമെന്നും സതീശൻ പറഞ്ഞു.