സ്ത്രീകളുടെ വിവാഹ പ്രായം: രാജ്യത്തിന്റെ നിയമം അനുസരിക്കുമെന്ന് കർദിനാൾ ആലഞ്ചേരി
പെൺകുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി(കെസിബിസി) പ്രസിഡന്റും സീറോ മലബാർ സഭ അധ്യക്ഷനുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ കാനോനിക നിയമം അനുസരിച്ച് ഇതുവരെ പെൺകുട്ടികൾക്ക് 18 വയസാണ് വിവാഹപ്രായമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വിവാഹ പ്രായത്തിൽ രാജ്യത്തെ നിയമം മാറുകയാണെങ്കിൽ അതനുസരിച്ച് സഭയുടെ നിയമത്തിനും വ്യത്യാസം വരുത്തുമെന്നും മാർ ജോർജ്ജ് ആലഞ്ചേരി വ്യക്തമാക്കി.
സഭയിലെ വ്യക്തികളും രാഷ്ട്രീയവുമായി ചേർന്ന് പ്രവർത്തിക്കുന്നവരും പെൺകുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് അവരുടേതായ അഭിപ്രായ പ്രകടനം നടത്തിയെന്നു വരും. എന്നാൽ പെൺകുട്ടികളുടെ വിവാഹ പ്രായം ഇത്രയായിരിക്കണമെന്ന് സഭ സർക്കാരിനോട് ആവശ്യപ്പെടില്ലെന്നും മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.