Saturday, October 19, 2024
National

വിവാഹ പ്രായ ഏകീകരണ ബില്ല് ലോക്‌സഭയിൽ; കീറിയെറിഞ്ഞ് പ്രതിഷേധിച്ച് പ്രതിപക്ഷം

 

പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ലോക്‌സഭയിൽ ബില്ല് അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷം ബില്ല് അവതരണത്തെ തടസ്സപ്പെടുത്താനായി ബഹളമുയർത്തി

പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു. കൂടിയാലോചിക്കാതെയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ബില്ലിന് ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം ബില്ല് കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. ബില്ല് ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ലോക്‌സഭയിലെ അജണ്ടയിൽ ഉൾപ്പെടുത്തിയാണ് സ്മൃതി ഇറാനി ബില്ല് അവതരിപ്പിച്ചത്. 12 മണിയോടെ തന്നെ എംപിമാർക്ക് ബില്ല് വിതരണം ചെയ്തിരുന്നു

വിവാഹ പ്രായം 21ലേക്ക് ഉയർത്തുമ്പോൾ എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കുമെന്നാണ് ബില്ലിൽ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി വിവാഹ നിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥക്കും മുകളിലാകും നിയമം.

ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതി ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യൽ മാര്യേജ് ആക്ട്, ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് 1956,  ഫോറിൻ മാര്യേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം എന്നീ ഏഴ് നിയമങ്ങൾ മാറ്റേണ്ടി വരും.

കഴിഞ്ഞ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രി സഭാ യോഗമാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിന് അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികൾ എതിർപ്പുമായി രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published.