സര്‍ക്കാരും ഗവര്‍ണറും ടോം ആന്‍ഡ് ജെറി കളിക്കുന്നു: രമേശ് ചെന്നിത്തല
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ ആദ്യം വിസമ്മതിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഭരണഘടനാപരകമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഗവര്‍ണര്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ക്യാബിനറ്റ് അംഗീകാരത്തോടെ ഗവര്‍ണര്‍ക്ക് മുന്നിലെത്തിയ നയങ്ങളടങ്ങിയ പ്രസംഗം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 176 അനുസരിച്ച് ഗവര്‍ണര്‍ ഒപ്പിട്ടുകൊടുക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു ഭാഗത്തിനോട് എതിര്‍പ്പുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് ആ ഭാഗം വായിക്കാതെയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘പട്ടംതാണുപിള്ള ആന്ധ്ര ഗവര്‍ണര്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തിന് സുഖമില്ലാതിരുന്നപ്പോള്‍ തന്റെ പ്രസംഗം വായിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ആ സംഭവം വലിയ പ്രതിസന്ധിയും വിവാദവുമുണ്ടാക്കിയിരുന്നു. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഗവര്‍ണര്‍ ഒപ്പുവെക്കേണ്ടി വരും. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കുറച്ച് ദിവസങ്ങളായി ടോം ആന്‍ഡ് ജെറി കളിക്കുകയാണ്. ഇവര്‍ക്ക് പരസ്പരം ആവശ്യമുള്ള കാര്യങ്ങള്‍ നേടിയെടുത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്’. രമേശ് ചെന്നിത്തല പറഞ്ഞു.