Wednesday, April 9, 2025
Kerala

പെട്ടിമുടിയിലേത് വന്‍ദുരന്തമെന്ന് ഗവര്‍ണര്‍; ദുരന്ത ബാധിതര്‍ക്ക് എല്ലാവര്‍ക്കും വീട്; വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

മൂന്നാര്‍: പെട്ടിമുടി ദുരന്തഭൂമി സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. പെട്ടിമുടിയിലേത് വന്‍ദുരന്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പെട്ടിമുടിയിലെ ദുരന്ത ബാധിതര്‍ക്ക് എല്ലാവര്‍ക്കും വീടുവെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു . ഇവര്‍ക്ക് സ്ഥലം കണ്ടെത്തി വീടു വെച്ചു നല്‍കും. രക്ഷപ്പെട്ടവരെ പുതിയ സ്ഥലത്ത് പുതിയ വീട് നല്‍കി പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ നടപടിയെടുക്കുക. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തത്തില്‍പെട്ടവര്‍ക്കുള്ള ചികില്‍സാ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. ഇവര്‍ക്ക് വിദഗ്ധ ചികില്‍സ അടക്കം വേണ്ടി വന്നാല്‍ അതും സര്‍ക്കാര്‍ വഹിക്കും. പ്രദേശത്തെ ലയങ്ങളുടെ ശോച്യാവസ്ഥ കണ്ണന്‍ദേവന്‍ കമ്പനി അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ലയങ്ങള്‍ എത്രയും പെട്ടെന്ന് ന്നാക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. കമ്പനി ഉടന്‍ തന്നെ വേണ്ട നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുരന്തത്തില്‍ പെട്ടവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ദുരന്തശേഷം ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിക്കുന്നു. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *