യുഎസില്‍ പോലിസ് അതിക്രമത്തില്‍ കറുത്തവരേക്കാള്‍ കൂടുതല്‍ കൊല്ലപ്പെടുന്നത് വെളുത്തവരെന്ന് ട്രംപ്
വാഷിങ്ടണ്‍: പോലിസ് അതിക്രമങ്ങളില്‍ രാജ്യത്ത് കൊല്ലപ്പെടുന്നവരില്‍ കറുത്ത വര്‍ഗക്കാരേക്കല്‍ വെളുത്തവരാണ് കൂടുതലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമപാലകരുടെ അതിക്രമത്തില്‍ എന്തുകൊണ്ടാണ് കറുത്തവര്‍ ഇപ്പോഴും കൊല്ലപ്പെടുന്നതെന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. നിങ്ങളുടേത് ഭീകരമായ ചോദ്യമാണെന്നും പോലിസ് അതിക്രമത്തില്‍ കൂടുതല്‍ വെളുത്തവര്‍ഗമാണ് കൊല്ലപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പോലിസ് അതിക്രമത്തില്‍ കൊല്ലപ്പെടുന്നവരില്‍ പകുതിയും വെളുത്ത വര്‍ഗക്കാരാണെന്ന് പറഞ്ഞിരുന്നു. 23 ശതമാനമാണ് കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ അമേരിക്കന്‍ ജനസംഖ്യയില്‍ 13 ശതമാനം മാത്രമാണ് കറുത്ത വര്‍ഗക്കാരുടെ പ്രാതിനിധ്യം.
മെയ് 25ന് മിനിയാപൊളിസില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ 46 കാരനായ ജോര്‍ജ്ജ് ഫ്‌ലോയ്ഡ് എന്ന കറുത്ത വംശജന്‍ കൊല്ലപ്പെട്ടത് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിന്റെ ബാനറില്‍ അമേരിക്കയിലുടനീളം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരങ്ങളാണ് അമേരിക്കയില്‍ തെരുവിലിറങ്ങിയത്.