കാനഡയിലെ വയോജന കേന്ദ്രങ്ങളിലെ 40 ശതമാനം അന്തേവാസികളും കൊവിഡ് ബാധിച്ച് മരിച്ചു
കാനഡയില്‍ വയോജനങ്ങളെ പാര്‍പ്പിച്ച അഞ്ച് പ്രധാന കേന്ദ്രങ്ങളിലെ 40 ശതമാനത്തിലേറെ അന്തേവാസികളും കൊവിഡ്- 19 വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോണ്ട്‌റിയലിലെ നാല് കേന്ദ്രങ്ങളിലെയും ഒന്റാരിയോയിലെ ഒരു കേന്ദ്രത്തിലെയും മരണ നിരക്ക് 40 ശതമാനത്തിലേറെയാണ്. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കണക്കാണിത്.
മറ്റ് 19 കേന്ദ്രങ്ങളിലെ മരണനിരക്ക് 30- 40 ശതമാനമാണ്. ഇവയിലധികവും സ്ഥിതി ചെയ്യുന്നത് മോണ്ട്‌റിയലിലും ടൊറൊന്റോയിലുമാണ്. സി ബി സി ന്യൂസ് ആണ് അന്വേഷണത്തിലൂടെ ഇക്കാര്യം കണ്ടെത്തിയത്. 30 ശതമാനം മരണങ്ങളുണ്ടായ മൂന്നിലൊന്ന് കേന്ദ്രങ്ങളും മോണ്ട്‌റിയലിലും ലാവലിലുമാണ്. പത്തില്‍ ആറ് അന്തേവാസികളും കൊവിഡ് ബാധിച്ച നഗരവും ഇതുതന്നെയാണ്. ഡി ലാ റിവെയിലെ സി എച്ച് എസ് എല്‍ ഡി നഴ്‌സിംഗ് ഹോമിലാണ് രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് മരണ നിരക്കുമുണ്ടായത്; 44 ശതമാനം.
ലാവലില്‍ മുമ്പ് തന്നെ ജീവനക്കാരുടെ ദൗര്‍ലഭ്യമുണ്ടായിരുന്നു. ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായതാണ് പ്രധാന കാരണം. ജീവനക്കാര്‍ നിത്യേന ജോലിക്ക് വരാത്തതും പ്രശ്‌നമായി. വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതും രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ ഇടയാക്കി.