കത്തോലിക്കാ ബാവയുടെ കബറടക്കം ഇന്ന്; ചരമശുശ്രൂഷയില്‍ ഒരേ സമയം 300 പേര്‍ക്ക് പങ്കെടുക്കാം
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവ (74)യുടെ ഖബറടക്കം ഇന്ന് നടക്കും. രാവിലെ അരമന വളപ്പിലെ പന്തലില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം മൂന്നു മണിയോടെയാണ് പരുമല പള്ളിയില്‍ കബറടക്കുക. ചരമശുശ്രൂഷയില്‍ ഒരു സമയം 300 പേര്‍ക്ക് പങ്കെടുക്കാന്‍ കലക്ടര്‍ അനുമതി നല്‍കി.
ഇന്നലെ പുലര്‍ച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഒന്നര വര്‍ഷമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുറച്ചു ദിവസങ്ങളായി ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
പൗരസ്ത്യ ദേശത്തെ 91ാം കത്തോലിക്കായും 21ാം മലങ്കര മെത്രാപ്പോലീത്തയുമായ മോര്‍ പൗലോസ് ദ്വിതിയന്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ പരമാചാര്യന്‍മാരില്‍ ഒരാളുമായിരുന്നു. തൃശ്ശൂര്‍ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ എ ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ആഗസ്ത് 30നാണ് ജനനം. പോള്‍ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ. ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ സെന്റ് തോമസ് കോളജില്‍ ബിരുദവും കോട്ടയം സിഎംഎസ് കോളജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
കോട്ടയത്തെ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വകലാശാലയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. 1972ല്‍ ശെമ്മാശ പട്ടവും 1973ല്‍ കശീശ പട്ടവും സ്വീകരിച്ചു. 1982 ഡിസംബര്‍ 28ന് തിരുവല്ലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1985 മെയ് 15ന് പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. തുടര്‍ന്ന് പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2006 ഒക്ടോബര്‍ 12ന് മാര്‍ മിലിത്തിയോസിനെ നിയുക്ത കത്തോലിക്കയായി തിരഞ്ഞെടുക്കപ്പെട്ടു. 2006 ഒക്ടോബര്‍ 12ന് പരുമലയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാര്‍ മിലിത്തിയോസിനെ നിയുക്ത കത്തോലിക്കയായി തിരഞ്ഞെടുത്തു.
സഭാ അധ്യക്ഷനായിരുന്ന മോര്‍ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്ന് 2010 നവംബര്‍ 1ന് മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ എന്നപേരില്‍ കത്തോലിക്കാ ബാവയായി. മലങ്കര ഓര്‍ത്തഡോക്‌സ് സഭാചരിത്രത്തില്‍ പരുമല തിരുമേനിക്കു ശേഷം മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്നു മോര്‍ പൗലോസ് ദ്വിതിയന്‍.