തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി വീണ്ടുമൊരു ക്രിസ്തുമസ്:ഇത്തവണ ആഘോഷങ്ങൾ ലളിതം;ഏവർക്കും ‘മെട്രോ മലയാളം’ വെബ് പോർട്ടലിൻ്റെ ക്രിസ്മസ് ആശംസകൾ
തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. കൊവിഡ് സാഹചര്യം നിലനില്‍ക്കെ വീടുകളില്‍ തന്നെയാണ് ഇക്കുറി ക്രിസ്തുമസ് ആഘോഷിക്കുന്നത്.
ക്രൈസ്തവ ദേവാലയങ്ങളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. ക്രിസ്തുമസ് ആഘോഷങ്ങളും പ്രാര്‍ത്ഥനയും ഇക്കുറി വെര്‍ച്വുലായാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. ക്രിസ്തുമസ് ദിന സന്ദേശത്തില്‍ മഹാമാരിക്ക് എതിരെ പോരാടിയവരെയും സമരം ചെയ്യുന്ന കര്‍ഷകരേയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്മരിച്ചു.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൊച്ചി സെന്റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്ബില്‍ കാര്‍മികത്വം വഹിച്ചു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന തിരുപ്പിറവി ശുശ്രുഷകള്‍ക്കു കര്‍ദ്ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ നേതൃത്വം നല്‍കി. ഓര്‍ത്തഡോക്‌സ് സഭയുടെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും യാക്കോബായ സഭയുടെ ശുശ്രൂഷകള്‍ക്ക് മെത്രാപൊലിത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസും മുഖ്യകാര്‍മികത്വം വഹിച്ചു.
മാര്‍ത്തോമ്മ സഭയുടെ ആഘോഷ ചടങ്ങുകള്‍ക്ക് സഭാ അധ്യക്ഷന്‍
തെയോഡോഷ്യസ് മാര്‍ത്തോമ്മന്‍ മെത്രാപ്പോലീത്തയും സിഎസ്‌ഐ സഭയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് സഭാ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലവും നേതൃത്വം നല്‍കി.
കോഴിക്കോട് ദേവമാത കത്തീഡ്രലില്‍ നടന്ന പിറവി തിരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് ദേവാലയത്തില്‍ നിന്നും പുല്‍കൂട്ടിലേക്കുള്ള പ്രദക്ഷിണവും നടന്നു.