നടുറോഡിൽ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു
യൂനിഫോമിലെത്തി യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. ചെന്നൈ കെകെ നഗർ സ്‌റ്റേഷൻ കോൺസ്റ്റബിൾ രാജീവിനെയാണ് നാട്ടുകാർ പിടികൂടിയത്.
മദ്യലഹരിയിലായിരുന്ന ഇയാൾ ബസ് കാത്തു നിൽക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കയ്യിൽ കയറി പിടിച്ച് ഇയാൾ യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം
ഭയന്നുപോയ യുവതി നിലവിളിച്ചതിനെ തുടർന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവർ ഓടിയെത്തിയത്. തടയാനെത്തിയവരെ രാജിവ് ഭീഷണിപ്പെടുത്തിയെങ്കിലും ആളുകൾ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
പോലീസ് എത്തി ഇയാളെ പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാജീവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ മഹേഷ്‌കുമാർ അഗർവാൾ അറിയിച്ചു.