ഷെയ്ന്‍ വോണിന്‍റെ സംസ്കാര ചടങ്ങുകള്‍ മാര്‍ച്ച് 30ന് മെല്‍ബണ്‍ ഗ്രൗണ്ടില്‍
മെല്‍ബണ്‍: കഴിഞ്ഞ ആഴ്ച തായ്‌ലന്‍ഡില്‍ അന്തരിച്ച ഓസ്ട്രേലിയന്‍ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ(Shane Warne) സംസ്കാര ചടങ്ങുകള്‍ ഈ മാസം 30ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും വോണിന്‍റെ സംസ്കാരമെന്ന് എന്ന് വിക്ടോറിയ സ്റ്റേറ്റ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് വ്യക്തമാക്കി.
വോണിന്‍റെ അന്ത്യയാത്രക്ക് മെല്‍ബണെക്കാള്‍ നല്ലൊരു ഇടമില്ലെന്ന് ആന്‍ഡ്ര്യൂസ് ട്വീറ്റില്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തായ്‌ലന്‍ഡിലെ വില്ലയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മെല്‍ബണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഔദ്യോഗിക സംസ്കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന സംസ്കാര ചടങ്ങ് നടത്തുമെന്ന് വോണിന്‍റെ കുടുംബം വ്യക്തമാക്കി.
വോണിന്‍റെ മരണത്തിലോ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ അസ്വാഭാവികത ഒന്നുമില്ലെന്നും ഹൃദയാഘാതം തന്നെയാണ് മരണ കാരണമെന്നും തായ് പോലീസ് കഴിഞ്ഞ ദിവസം വ്യക്താക്കിയിരുന്നു. തായ്‌ലന്‍ഡില്‍ വോണ്‍ താമസിച്ച കോഹ് സാമൂയിയിലെ വില്ലയില്‍ നിന്ന് ഞായറാഴ്ച സുറത് താനിയില്‍ എത്തിച്ച മൃതദേഹം തിങ്കളാഴ്ച രാത്രി തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെത്തിച്ചശേഷം അവിടെ നിന്ന് മെല്‍ബണിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഷെയ്ന്‍ വോണിനെ(52) തായ്‌ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി ആഘോഷിക്കാനും ചികിത്സക്കുമായാണാണ് വോണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം തായ്‌ലന്‍ഡിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പരിശോധനക്കുശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 708 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്.