എച്ച് എൽ എൽ ലേലം; കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതും
തിരുവനന്തപുരം: ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ അഭിപ്രായം അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
സംസ്ഥാനത്തിനകത്തുള്ള എച്ച് എല്‍ എല്‍ സ്ഥാപനങ്ങളുടെ ലേല നടപടികളില്‍ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി നേരത്തേ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എച്ച് എല്‍ എല്‍ ലേല നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലായെന്നറിയിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കത്ത് നല്‍കി. അതിലുള്ള സര്‍ക്കാറിന്റെ വിയോജിപ്പ് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാനാണ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. മറ്റ് തീരുമാനങ്ങൾ താഴെ കൊടുക്കുന്നു:
ഭൂമി കൈമാറ്റ വ്യവസ്ഥ പരിഷ്‌കരിക്കും
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഭവന നിര്‍മാണം, തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ഉണ്ടാകുന്ന ഗുരുതരമായ അസുഖം, പെണ്‍മക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക് ഈ ഭൂമി പണയപ്പെടുത്താം. ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാകണം ഇത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വകുപ്പ് മുഖേന ലഭ്യമാക്കുന്ന ഭൂമിയും ഭവനവും പൊതുമേഖല/ ഷെഡ്യൂള്‍ഡ്/ സഹകരണബേങ്കുകള്‍, പട്ടികജാതി- പട്ടികവര്‍ഗ വികസ കോര്‍പ്പറേഷന്‍ എന്നിവയില്‍ വായ്പക്കായി പണയപ്പെടുത്താം.
ഗ്യാരണ്ടി തുക വര്‍ധിപ്പിക്കും
ദേശിയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുള്ള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ സര്‍ക്കാര്‍ ഗ്യാരണ്ടി തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ആറ് കോടിയില്‍ നിന്നും 15 കോടിയായാണ് വര്‍ധിപ്പിക്കുക.
കാലാവധി ദീര്‍ഘിപ്പിച്ചു
പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്(റിട്ട.) ജി ശശിധരന്റെ സേവന കാലാവധി 13/03/2022 മുതല്‍ മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചു.
സ്റ്റാഫ് പാറ്റേണ്‍ പുതുക്കി
കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കാന്‍ തീരുമാനിച്ചു.
പാട്ടത്തിന് നല്‍കും
കാസര്‍കോട് ജില്ലയിലെ കരിന്തളം വില്ലേജില്‍ 12 ഏക്കര്‍ ഭൂമി 400 കെ വി സബ് സ്‌റ്റേഷന്‍ നിര്‍മാണത്തിനായി ഉഡുപ്പി- കാസര്‍കോട് ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന് 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.
നിയമനം
35ാമത് ദേശിയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ കെ കെ സുഭാഷിന് ജോലി നല്‍കാന്‍ തീരുമാനിച്ചു. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട് തസ്തികയിലാകും നിയമനം. കേരള സ്‌റ്റേറ്റ് ഹാന്‍ഡ്‌ലൂം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി അരുണാചലം സുകുമാറിനെ നിയമിച്ചു.
നഷ്ടപരിഹാരം
സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് ചത്തതും കൂട്ടത്തോടെ ഉന്‍മൂലനം ചെയ്യപ്പെട്ടതുമായ പക്ഷികള്‍ക്കും നശിപ്പിച്ച മുട്ടകള്‍ക്കും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 200 രൂപ വീതവും നല്‍കും. മുട്ട ഒന്നിന് 5 രൂപ വീതമാണ് നഷ്ടപരിഹാരം.