കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും
കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. പുലർച്ചയോടെ ഇരുവരുടെയും മൃതദേഹങ്ങൾ സ്വദേശമായ കണ്ണൂരിൽ എത്തിച്ചു. ഇതിനിടെ രഖിലിന്‍റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.
കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം രാവിലെ എട്ടു മണിയോടെ കണ്ണൂർ നാറാത്തെ വീട്ടിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം പത്തു മണിയോടെ പയ്യാമ്പലം പൊതുശ്‌മശാനത്തിൽ സംസ്കരിക്കും. പിണറായി വൈദ്യുത ശ്മശാനത്തിലാണ് രഖിലിന്റെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളത്.
അതിനിടെ രഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനെ കൂടുതൽ ചോദ്യംചെയ്യലിനായി അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. രഖിലിന് തോക്ക് ലഭിച്ചതെവിടെ നിന്നാണെന്ന് കണ്ടെത്തുകയാണ് ചോദ്യംചെയ്യലിന്‍റെ ലക്ഷ്യം. ഇന്നലെ ആദിത്യൻ അടക്കം രഖിലിന്റെ നാല് സുഹൃത്തുക്കളെ കോതമംഗലത്ത് നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു.
തുടർന്ന് ആദിത്യന്‍റെ ഫോൺ പൊലീസ് വിശദമായ പരിശോധനക്ക് വിധേയമാക്കി. രഖിലിന് തോക്ക് വാങ്ങി നൽകാൻ ആദിത്യൻ സഹായിച്ചിട്ടുണ്ടന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംസ്കാര ചടങ്ങുകൾക്ക് ശേഷം രഖിലിന്റെയും മാനസയുടെയും മാതാപിതാക്കളുടെ മൊഴിയും പൊലീസ് വിശദമായി രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം ആദിത്യന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി മാറിയെന്നാണ് ആദിത്യന്‍ പറഞ്ഞത്. രഖില്‍ കൊച്ചിയിലേക്ക് പോയത് ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് വീട്ടുകാരെ തെറ്റിധരിപ്പിച്ചാണ്. ഇങ്ങനെ ചെയ്യുമെന്ന് കുടുംബം കരുതിയില്ല. തോക്ക് എവിടുന്ന് കിട്ടിയെന്ന് തനിക്ക് അറിയില്ല. അങ്ങനെയുള്ള ബന്ധങ്ങളൊന്നും രഖിലിന് തന്റെ അറിവില്‍ ഇല്ലെന്നും ആദിത്യന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.