വ്യാപാരികളോട് നിഷേധാത്മക സമീപനമെന്ന് ആരോപണം: ഇന്ന് സംസ്ഥാനവ്യാപകമായി കടയടപ്പ് സമരം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം. വ്യാപാരികളോട് സർക്കാർ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് സമരം. പ്രാദേശിക കേന്ദ്രങ്ങളിൽ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, മാനദണ്ഡം പാലിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.
ഇന്ന് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ജില്ലാ കലക്ടർമാരുമായി ചർച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും ഇളവുകളിൽ തീരുമാനമുണ്ടാകുക. ടിപിആർ പത്തിന് മുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്.