പരിശോധനകളെ കുറിച്ച് ഒരു പരാതിയും നൽകാതെ കിറ്റെക്‌സ് ആരോപണങ്ങൾ ഉയർത്തിയത് ഗൗരവകരം: മന്ത്രി പി രാജീവ്
കിറ്റെക്‌സിലെ പരിശോധനകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പോ മുൻകൈയെടുത്ത് ഒരു പരിശോധനയും കിറ്റെക്‌സിൽ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു
പരിശോധന നടത്തിയത് കോൺഗ്രസ് നേതാക്കളുടെ പരാതിയിലാണ്. ബെന്നി ബെഹന്നാന്റെ പരാതിയിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നീട് പി ടി തോമസ് എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചു. വനിതാ ജീവനക്കാരിയുടെ ശബ്ദസന്ദേശത്തെ തുടർന്നും പരിശോധന ഉണ്ടായി
പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നൽകാതെ കിറ്റെക്‌സ് മേധാവി സാബു എം ജേക്കബ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവകരമാണ്. പരിശോധന നടക്കുന്ന സമയത്ത് ഒരു പരാതിയും കമ്പനി മാനേജ്‌മെന്റ് പ്രകടിപ്പിച്ചിട്ടില്ല. പരിശോധന കഴിഞ്ഞിട്ടും ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉള്ളതായി കമ്പനി മാനേജ്‌മെന്റ് അറിയിച്ചിട്ടില്ല
പരാതികൾ അറിയിക്കാൻ ടോൾ ഫ്രീ സംവിധാനമുണ്ട്. വേണമെങ്കിൽ മന്ത്രിയെ നേരിട്ടോ മുഖ്യമന്ത്രിയെ തന്നെയോ വിളിക്കാം. എന്നാൽ ഇതൊന്നും പ്രയോജനപ്പെടുത്താതെ കിറ്റെക്‌സ് മുതലാളി സമൂഹ മാധ്യമങ്ങളെ ആരോപണങ്ങൾ ഉന്നയിക്കാൻ തെരഞ്ഞെടുത്തു. ആരോപണമുയർന്ന ഉടനെ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തെ ഫോണിൽ കിട്ടാത്തതിനാൽ സഹോദരനുമായി സംസാരിച്ചു. പരിശോധിക്കാമെന്ന് ഉറപ്പ് നൽകി.