Monday, January 6, 2025
Sports

നമൻ ഓജയുടെ തകർപ്പൻ ഫിഫ്റ്റി; ഇർഫാൻ പത്താൻ്റെ കിടിലൻ ഫിനിഷിംഗ്: റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യ ലെജൻഡ്സ് ഫൈനലിൽ

റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യ ലെജൻഡ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ ലെജൻഡ്സിനെ 5 വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ ലെജൻഡ്സ് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ഇന്ത്യ ലെജൻഡ്സിനായി നമൻ ഓജ (90) ടോപ്പ് സ്കോററായപ്പോൾ ഇർഫാൻ പത്താൻ്റെ വിസ്ഫോടനാത്‌മക ബാറ്റിംഗും വിജയത്തിൽ നിർണായകമായി. ഓസ്ട്രേലിയ ലെജൻഡ്സിനായി ക്യാപ്റ്റൻ ഷെയിൻ വാട്സൺ മൂന്ന് ഓവറിൽ 16 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

ഇന്നലെ ഓസ്ട്രേലിയ ലെജൻഡ്സ് 17 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 136 റൺസെടുക്കുന്നതിനിടെ മഴ പെയ്തു. അതിനാൽ ബാക്കി മത്സരം ഇന്നാണ് നടന്നത്. അവസാന ഓവറുകൾ കാമറൂൺ വൈറ്റിൻ്റെയും (18 പന്തിൽ 30) ബ്രാഡ് ഹാഡിൻ്റെയും (8 പന്തിൽ 12) മികവിൽ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസെന്ന നിലയിൽ ഇന്നിംഗ്സ് ഫിനിഷ് ചെയ്തു. ബെൻ ഡങ്ക് (26 പന്തിൽ 46), അലക്സ് ഡൂലൻ (31 പന്തിൽ 35), ഷെയിൻ വാട്സൺ (21 പന്തിൽ 30) എന്നിവരും ഓസീസിനായി തിളങ്ങി.

മറുപടി ബാറ്റിംഗിൽ സച്ചിൻ തെണ്ടുൽക്കർ (10), സുരേഷ് റെയ്‌ന (11) എന്നിവർ വേഗം പുറത്തായെങ്കിലും മറുവശത്ത് നമൻ ഓജ മികച്ച ഫോമിലായിരുന്നു. മൂന്നാം വിക്കറ്റിൽ യുവരാജ് സിംഗുമൊത്ത് 61 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ താരം ഇന്ത്യയെ മത്സരത്തിൽ തന്നെ നിലനിർത്തി. ഇതിനിടെ 35 പന്തുകളിൽ ഓജ ഫിഫ്റ്റി തികച്ചു. 15 പന്തുകളിൽ 18 റൺസെടുത്ത് യുവരാജും 6 പന്തുകളിൽ 2 റൺസെടുത്ത് സ്റ്റുവർട്ട് ബിന്നിയും 2 പന്തിൽ ഒരു റൺസെടുത്ത് യൂസുഫ് പത്താനും മടങ്ങിയതോടെ ഇന്ത്യ വീണ്ടും ബാക്ക്ഫൂട്ടിലായി.

എന്നാൽ, ഏഴാം നമ്പറിൽ ക്രീസിലെത്തിയ ഇർഫാൻ നേരിട്ട നാലാം പന്തിൽ തന്നെ സിക്സർ നേടി നിലപാടറിയിച്ചു. പിന്നീട് ഇർഫാൻ്റെ തട്ടുപൊളിപ്പൻ ബാറ്റിംഗാണ് ആരാധകർ കണ്ടത്. 19ആം ഓവറിൽ ഡിർക് നാനസിനെ തുടരെ മൂന്ന് സിക്സറുകളടിച്ച ഇർഫാൻ വിജയലക്ഷ്യം അവസാന ഓവറിൽ 3 റൺസാക്കി ചുരുക്കി. അവസാന ഓവറിലെ മൂന്നാം പന്തിൽ ബൗണ്ടറി നേടി ഇർഫാൻ തന്നെ വിജയ റൺ കുറിയ്ക്കുകയും ചെയ്തു. 12 പന്തുകളിൽ 2 ബൗണ്ടറിയും 4 സിക്സറും സഹിതം 37 റൺസെടുത്ത ഇർഫാനും 62 പന്തുകളിൽ 7 ബൗണ്ടറിയും 5 സിക്സറും സഹിതം 90 റൺസെടുത്ത ഓജയും നോട്ടൗട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *