Tuesday, January 7, 2025
Sports

ദേവ്ദത്തും ഡിവില്ലേഴ്‌സും മിന്നി, സൂപ്പർ ഓവർ; ആവേശപ്പോരിൽ റോയൽ ചലഞ്ചേഴ്സിനു ജയം

മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെടുത്തിയത്. 202 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി അത്ര തന്നെ റൺസെടുത്തു. സൂപ്പർ ഓവറിൽ മുംബൈ മുന്നോട്ടുവച്ച 8 റൺസ് വിജയലക്ഷ്യം മറികടന്നാണ് ബാംഗ്ലൂർ ആവേശജയം സ്വന്തമാക്കിയത്. പവർപ്ലേയിൽ അടക്കം പന്തെറിഞ്ഞിട്ടും 4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി രോഹിതിൻ്റെ വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദർ ആണ് റോയൽ ചലഞ്ചേഴ്സിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയത്. മുംബൈക്കായി 99 റൺസെടുത്ത ഇഷൻ കിഷൻ ടോപ്പ് സ്കോററായി.

ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ രോഹിത് ശർമ്മയെ നഷ്ടമായ മുംബൈ ബാക്ക്ഫൂട്ടിലാണ് ഇന്നിംഗ്സ് ആരംഭിച്ചത്. രോഹിതിനെ വാഷിംഗ്ടൺ സുന്ദർ പവൻ നെഗിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. സൂര്യകുമാർ യാദവ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. രണ്ട് പന്തുകൾ നേരിട്ട യാദവ് ഉദാനയുടെ പന്തിൽ ഡിവില്ല്യേഴ്സിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ക്വിൻ്റൺ ഡികോക്ക് (14) ആയിരുന്നു അടുത്ത ഇര. ഡികോക്കിനെ ചഹാൽ നെഗിയുടെ കൈകളിൽ എത്തിച്ചു. ഹർദ്ദിക് പാണ്ഡ്യയും (15) വേഗം മടങ്ങി. ആദം സാമ്പയുടെ പന്തിൽ പാണ്ഡ്യ നെഗിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
ഇതിനിടെ ഇഷൻ കിഷൻ ഫിഫ്റ്റി തികച്ചു. 39 പന്തുകളിലാണ് യുവ വിക്കറ്റ് കീപ്പർ അർധസെഞ്ചുറി തികച്ചത്. ആദം സാമ്പ എറിഞ്ഞ 17ആം ഓവറിൽ മൂന്ന് സിക്സറുകൾ അടക്കം 27 റൺസ് എടുത്ത് പൊള്ളാർഡ് മുംബൈക്ക് പ്രതീക്ഷ നൽകി. ചഹാലിൻ്റെ അടുത്ത ഓവറിൽ മൂന്ന് സിക്സറുകൾ അടക്കം പിറന്നത് 22 റൺസ്. ഇതിനിടെ 20 പന്തുകളിൽ പൊള്ളാർഡ് ഫിഫ്റ്റി തികച്ചു.

അവസാന ഓവറിൽ മുംബൈക്ക് വിജയിക്കാൻ വേണ്ടത് 19 റൺസ്. ഇസുരു ഉദാനയാണ് ഓവർ എറിഞ്ഞത്. ആദ്യ രണ്ട് പന്തുകളിൽ കിഷനും പൊള്ളാർഡും ഓരോ സിംഗിൾ വീതം നേടി. മൂന്നാം പന്തിൽ കിഷൻ സിക്സർ നേടി. നാലാം പന്തിൽ വീണ്ടും ഒരു സിക്സർ. അഞ്ചാം പന്തിൽ കിഷൻ പുറത്തായി. വീണ്ടും ഒരു കൂറ്റൻ ഷോട്ടിനു ശ്രമിച്ച കിഷൻ ദേവ്ദത്ത് പടിക്കലിനു ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. 58 പന്തുകളിൽ 2 ബൗണ്ടറിയും 9 സിക്സറും അടക്കം 99 റൺസെടുത്ത കിഷൻ മുംബൈയെ അസാധ്യമായൊരു ലക്ഷ്യത്തിനരികെ എത്തിച്ചാണ് മടങ്ങിയത്. പൊള്ളാർഡുമായി 119 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടും കിഷൻ കൂട്ടിച്ചേർത്തു. അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ്. ആ പന്തിൽ പൊള്ളാർഡ് ബൗണ്ടറി നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക്. 24 പന്തുകൾ നേരിട്ട് 3 ബൗണ്ടറിയും അഞ്ച് സിക്സറുകളും സഹിതം 60 റൺസെടുത്ത പൊള്ളാർഡ് പുറത്താവാതെ നിന്നു.

മുംബൈക്കായി പൊള്ളാർഡും ഹർദ്ദിക് പാണ്ഡ്യയും സൂപ്പർ ഓവറിൽ ഇറങ്ങി. സെയ്നി ബാംഗ്ലൂരിനായി പന്തെറിഞ്ഞു. ഗംഭീരമായി പന്തെറിഞ്ഞ താരം 7 റൺസ് മാത്രമേ വിട്ടുനൽകിയുള്ളൂ. പൊള്ളാർഡിനെ താരം പുറത്താക്കുകയും ചെയ്തു. മറുപടി ബാറ്റിംഗിൽ ബുംറ മുംബൈക്കായി പന്തെറിഞ്ഞപ്പോൾ ഡിവില്ല്യേഴ്സും കോലിയും ബാംഗ്ലൂരിനായി കളത്തിലിറങ്ങി. സൂപ്പർ ഓവറിലെ അവസാന പന്തിൽ ബാംഗ്ലൂർ ലക്ഷ്യം നേടുകയും ചെയ്തു. ഇന്ത്യക്കായും മുംബൈക്കായും അഞ്ച് സൂപ്പർ ഓവറുകളിൽ പന്തെറിഞ്ഞിട്ടുള്ള ബുംറ ഇത് ആദ്യമായാണ് പരാജയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *