ഉയർന്നുയർന്ന് ഗോകുലം കേരള എഫ്‌സി; ഐ ലീഗിൽ മൂന്നാമത്
കളിക്കളത്തിൽ പത്തു പേരായി ചുരുങ്ങിയിട്ടും പോരാട്ട വീര്യം ചോരാതെ മലബാറിന്റെ ചുണക്കുട്ടികൾ. പ്രതിരോധ നിര തിളങ്ങിയ 2022 സീസൺ ഐ ലീഗിൽ കെങ്ക്രെ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഗോകുലം കേരള എഫ്‌സി. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഹോം മത്സരത്തിൽ സെർജിയോ ഇഗ്ലേഷ്യസാണ് ടീമിനായി വിജയ ഗോൾ നേടിയത്.
കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം മത്സരമാണ് ഗോകുലം കേരള എഫ്‌സി വിജയിക്കുന്നത്. കഴിഞ്ഞ ഹോം മത്സരത്തിൽ റയൽ കാശ്മീരിനെയും ഗോകുലം കേരള തോൽപ്പിച്ചിരുന്നു. വിജയത്തോടുകൂടി ഗോകുലം കേരള എഫ്‌സി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് എഫ്‌സിയുമായി 5 പോയിന്റുകളുടെ വ്യത്യാസമാണ് നിലവിൽ ക്ലബ്ബിനുള്ളത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോകുലത്തിന്റെ കയ്യിലായിരുന്നു. കെങ്ക്രെയുടെ പ്രതിരോധ നിരക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ഗോകുലത്തിനായി ഇരുപത്തിയൊന്നാം മിനുട്ടിൽ വികാസ് സെയ്നി നൽകിയ പന്ത് തല കൊണ്ട് ചെത്തി വലയിലിട്ട് സെർജിയോ ഇഗ്ലേഷ്യസ്യാണ് ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ കണ്ടെത്തിയ താളം നഷ്ട്ടപ്പെടുന്ന ഗോകുലത്തെയാണ് രണ്ടാം പകുതിയിൽ കണ്ടത്. 57 ആം മിനുട്ടിൽ ഇരട്ട മഞ്ഞക്കാർഡുകൾ നേടി മുന്നേറ്റ നിര താരം രാഹുൽ രാജു കളികളത്തിന് പുറത്തുപോയത് ടീമിന് ആഘാതമായി.
രണ്ടാം പകുതി കെങ്ക്രെ എഫ്‌സിയുടെ കയ്യിലായിരുന്നു. പത്തു പേരായി ചുരുങ്ങിയ ഗോകുലത്തിന്റെ ദൗർബല്യങ്ങൾ ചൂഷണം ചെയ്യാൻ കെങ്ക്രെ ശ്രമിച്ചെങ്കിലും അമിനോ ബൗബയും പവൻ കുമാറും നയിച്ച പ്രതിരോധ നിര ഒരു മതിലുപോലെ നിലകൊള്ളുകയായിരുന്നു. ഗോൾവലക്ക് കീഴിൽ ഷിബിൻ രാജിന്റെ മിന്നുന്ന പ്രകടനം കൂടിയായപ്പോൾ കെങ്ക്രെ നിഷ്ഫലമായി. ഗോകുലം കേരളയുടെ അടുത്ത മത്സരം ദുർബലരായ നെറോക്ക എഫ്‌സിക്ക് എതിരെയാണ്.