സന്തോഷ് ട്രോഫി; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു, ജയം തുടർന്ന് കേരളം
സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ ജയം തുടർന്ന് കേരളം. നാലാം മത്സരത്തിലും മിന്നും ജയം. ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജമ്മുകശ്മീരിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെയാണ് കേരളം ജയം ഉറപ്പിച്ചത്. ഈ വിജയത്തോടെ കേരളം ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്.
ഇന്ന് ആദ്യ പകുതിയിൽ കേരളത്തിന് ഗോളൊന്നും നേടാൻ ആയിരുന്നില്ല. രണ്ടാം പകുതിയിലാണ് ഗോൾ വല കുലുക്കിയത്. കേരളത്തിന് വേണ്ടി വിഗ്നേഷ്, റിസുവാൻ അലി, നിജോ ഗിൽബേർട്ട് എന്നിവരാണ് ഗോൾ നേടിയത്.
നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരളം 12 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. 12 പോയിന്റ് തന്നെയുള്ള മിസോറാം ആണ് രണ്ടാം സ്ഥാനത്ത്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളവും മിസോറാമും ആണ് ഏറ്റുമുട്ടുക. കേരളം കശ്മീരിനെ കൂടാതെ രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ബീഹാർ എന്നിവരെയും ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിച്ചു.