ചരിത്രമെഴുതി കേരളം: ഐ ലീഗ് ഫുട്‌ബോൾ കിരീടം ഗോകുലം കേരളക്ക്
ഫുട്‌ബോളിൽ ചരിത്രം രചിച്ച് കേരളം. ഐ ലീഗ് ഫുട്‌ബോൾ കിരീടം ഗോകുലം കേരളക്ക്. ലീഗിലെ അവസാന മത്സരത്തിൽ മണിപ്പൂരിന്റെ ട്രാവുവിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം തകർത്തത്.
ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നേരത്തെ ഡ്യൂറന്റ് കപ്പ് കിരീടവും ഗോകുലം സ്വന്തമാക്കിയിരുന്നു. ജയത്തോടെ എ എഫ് സി കപ്പിനും ടീം യോഗ്യത നേടി. പതിനഞ്ച് കളികളിൽ നിന്ന് 29 പോയിന്റുമായാണ് ഗോകുലം ചാമ്പ്യൻമാരായത്. ചർച്ചിൽ ബ്രദേഴ്‌സിനും 29 പോയിന്റുണ്ടെങ്കിലും മികച്ച ഗോൾ ശരാശരിയാണ് ഗോകുലത്തിനെ തുണച്ചത്
ഇന്ന് ആദ്യ ഗോൾ വഴങ്ങിയ ശേഷമാണ് ഗോകുലം കളിയിലേക്ക് തിരികെ എത്തിയത്. 23ാം മിനിറ്റിൽ ട്രാവു ലീഡ് നേടി. ആദ്യ പകുതി ട്രാവു ഒരു ഗോളിന് മുന്നിട്ട് നിന്നു
69ാം മിനിറ്റിൽ അഫ്ഗാൻ താരം ഷരീഫിലൂടെയാണ് ഗോകുലം സമനില പിടിക്കുന്നത്. 74ാം മിനിറ്റിൽ എമിൽ ബെന്നിയിലൂടെ ലീഡ് ഉയർത്തി. 77ാം മിനിറ്റിൽ ഡെന്നീസിലൂടെ മൂന്നാം ഗോളും ഗോകുലം നേടി. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ മുഹമ്മദ് റാഷിദിലൂടെ നാലാം ഗോളും നേടി ഗോകുലം കിരീടം ഉറപ്പിച്ചു.