യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്ര നേട്ടം കുറിച്ച് മനീഷ കല്യാൺ
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായി മനീഷ കല്യാൺ. സൈപ്രസിലെ അപ്പോളോൺ ലേഡീസിനായി കളിക്കുന്ന മനീഷയാണ് ഇന്നലെ ഈ നേട്ടം സ്വന്തമാക്കിയത്. റിഗാസ് എഫ്എസിനെതിരെ നടന്ന മത്സരത്തിൽ 40 മിനിട്ടോളം മനീഷ കളത്തിലുണ്ടായിരുന്നു. ഐലീഗ് ക്ലബ് ഗോകുലം കേരളയിൽ നിന്ന് കഴിഞ്ഞ മാസമാണ് 20 വയസുകാരിയായ മനീഷ അപ്പോളോൺ ലേഡീസിലെത്തിയത്.
ക്ലബിനായി മനീഷയുടെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിൽ റിഗാസ് എഫ് എസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അപ്പോളോൺ തോൽപ്പിച്ചു. ഈ ജയത്തോടെ അപ്പോളോൺ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിന്റെ സെമി ഫൈനലിൽ എത്തി.
ഗോകുലം കേരളയ്ക്കായി ഗംഭീര പ്രകടനങ്ങളാണ് മനീഷ നടത്തിയത്. വിമൻസ് ലീഗിൽ കളിച്ച രണ്ട് സീസണുകളിലും ഗോകുലം ആയിരുന്നു ജേതാക്കൾ. ഇതിൽ മനീഷയുടെ പങ്ക് വളരെ വലുതായിരുന്നു. അനായാസം ഗോളടിച്ചുകൂട്ടിയ താരം 24 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് ഗോകുലത്തിനായി നേടിയത്. കഴിഞ്ഞ വർഷം നടന്ന എഎഫ്‌സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഉസ്ബക്കിസ്ഥാൻ്റെ ബുന്യോദ്കറിനെതിരെ ഗോളടിച്ച മനീഷ ഒരു ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.