ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരമ്പര തൂത്തുവാരും; സൗരവ് ഗാംഗുലി
ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുൻ ദേശീയ താരവും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. പരമ്പരയിൽ ഇന്ത്യ 4-0ൻ്റെ ജയം നേടുമെന്ന് ഗാംഗുലി റെവ്സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റുകളിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-0നു മുന്നിട്ടുനിൽക്കുകയാണ്. മാർച്ച് ഒന്നിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.
“4-0ന് ഇന്ത്യ വിജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് ഓസ്ട്രേലിയക്ക് ബുദ്ധിമുട്ടാവും. ഈ സാഹചര്യങ്ങളിൽ നമ്മൾ വളരെ കരുത്തരാണ്.”- ഗാംഗുലി പറഞ്ഞു.
പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കളിക്കില്ല. അസുഖബാധിതയായ അമ്മയെ സന്ദർശിക്കാനായി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് കമ്മിൻസ്. ഇൻഡോറിൽ മാർച്ച് ഒന്നിനാരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുൻപ് താരം തിരികെയെത്തില്ല. കമ്മിൻസിനു പകരം സ്റ്റീവ് സ്‌മിത്ത് ഓസ്ട്രേലിയയെ നയിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസ്ട്രേലിയൻ ടീമിൽ ഡേവിഡ് വാർണറും ജോഷ് ഹേസൽവുഡും കളിക്കില്ല.
രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറർ. മർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല.
ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സിൽ ഓസീസിനെ തകർത്തത്. അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റിൽ ജഡേജ ഇരു ഇന്നിങ്‌സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ 115 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ എൽ രാഹുലിനെ (1) ആദ്യമെ നഷ്ടമായി. മൂന്നാമതെത്തിയ ചേതേശ്വർ പൂജാര (പുറത്താവാതെ 31)- രോഹിത്തിനൊപ്പം (31) ചേർന്ന് ഇന്ത്യയെ വിജയിപ്പിക്കുമെന്ന് കരുതി. എന്നാൽ രോഹിത് റണ്ണൗട്ടായി. വിരാട് കോലിയെ (20) ശ്രേയസ് അയ്യർ 10 റൺസ് നേടിയത്. പിന്നീട് പൂജാര- ഭരത് (23) സഖ്യം അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.സ്‌കോർ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 118/4.