എറണാകുളത്ത് അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ച 142 പേർക്കെതിരെ നടപടിയെടുത്ത് പൊലീസ്
എറണാകുളം റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ എഴുനൂറോളം പേർക്കെതിരെ നടപടിയെടുത്തു. അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ചതിന് 142 പേർക്കെതിരെയാണ് നടപടി കൈക്കൊണ്ടത്. നിരോധിത പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ചതിന് 29 പേർക്കെതിരെയും നടപടിയെടുത്തു.
മയക്ക് മരുന്ന് ഉപയോഗത്തിന് 23 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വിവിധ കേസുകളിൽ വാറന്‍റ് പുറപ്പെടുവിച്ചിട്ടും മുങ്ങിനടന്ന 21 പേരെ അറസ്റ്റ് ചെയ്തു.
പൊതുസ്ഥലങ്ങളിൽ മദ്യപിച്ചത് ഉൾപ്പടെയുള്ള കേസുകൾക്ക് 61 പേർക്കെതിരെയും കേസെടുത്തു. ഇതിന് പുറമേ എൻ.ഐ.എ വാറണ്ടുള്ള 7 പേരും, ഫാമിലി കോർട്ടിൽ നിന്നും വാറണ്ടുള്ള 4 പേരും പിടിയിലായി.