കോലിക്കെതിരെ വലിയൊരു ലോബി പ്രവർത്തിക്കുന്നു: ഷൊഹൈബ് അക്തർ
ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലിക്കെതിരെ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ഷൊഹൈബ് അക്തർ. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അക്തറിന്റെ വിവാദ പ്രസ്താവന. കോലിയെ സംബന്ധിച്ച് വളരെ മോശം സമയാണ്. ടി20 ലോകകപ്പിൽ കിരീടം നേടിയില്ലെങ്കിൽ കോലിയുടെ നായക സ്ഥാനം നഷ്ടപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നു. അത് സംഭവിച്ചു
കോലിക്കെതിരെ വലിയൊരു സംഘമുണ്ട് ക്രിക്കറ്റിൽ. അതാണ് അദ്ദേഹത്തിന് നായക സ്ഥാനം നഷ്ടപ്പെടുത്തിയത്. കോലി ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താരമാണ്. അദ്ദേഹത്തിന് ഇനിയും അത് തുടരാനാകട്ടെ. എതിരെ നിൽക്കുന്നവർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകണം. അവരോടുള്ള ദേഷ്യം മികച്ച കളി പുറത്തെടുത്ത് അദ്ദേഹം തീർക്കും. ആ ദേഷ്യത്തിൽ നിന്നാകും കോലിയുടെ അടുത്ത 50 സെഞ്ച്വറികൾ പിറക്കുകയെന്നും അക്തർ പറഞ്ഞു
അക്തറിന്റെ വാക്കുകൾ കോലിയുടെ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചയാണ് ഇതേക്കുറിച്ച് നടക്കുന്നത്. കോലി-ഗാംഗുലി പോര് എന്ന രീതിയിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് അക്തറിന്റെ അഭിമുഖവും ചർച്ചയാകുന്നത്.