കോലിക്ക് പകരം ആരാകും ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ; രോഹിതും രാഹുലും പന്തും പട്ടികയിൽ
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം വിരാട് കോലി രാജിവെച്ചതിന് പിന്നാലെ പുതിയ നായകനെ കണ്ടെത്താനായുള്ള നീക്കം സെലക്ടർമാർ ആരംഭിച്ചു. ബിസിസിഐയുടെ അഭിപ്രായം കൂടി പരിഗണിച്ചാകും പുതിയ നായകനെ പ്രഖ്യാപിക്കുക. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഫെബ്രുവരി 25ന് ആരംഭിക്കാനിരിക്കുകയാണ്
ഏകദിന, ടി20 ടീമുകളുടെ നായകനായ രോഹിത് ശർമ, കെ എൽ രാഹുൽ, റിഷഭ് പന്ത് എന്നിവരെയാണ് സെലക്ടർമാർ പരിഗണിക്കുന്നത്. കോലിയുടെ അഭാവത്തിൽ ടീമിനെ നയിച്ചിരുന്ന അജിങ്ക്യ രഹാനെ ഫോം ഔട്ടായതിനാൽ ടീമിൽ പോലും ഇടം നേടാൻ സാധ്യതയില്ല. രോഹിതിനെ തന്നെ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനവും ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം ദീർഘകാലടിസ്ഥാനത്തിൽ രോഹിതിന് പകരം മറ്റൊരു നായകനെ കണ്ടെത്തണമെന്നും അഭിപ്രായമുയരുന്നുണ്ട്. നിരന്തരമായ പരുക്കുകളും രോഹിതിന് വിനയാണ്. 35 വയസ്സിലേക്ക് എത്തുന്ന രോഹിതിനെ നായക സ്ഥാനം ഏൽപ്പിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ മറ്റൊരു നായകനെ കണ്ടെത്തേണ്ട സ്ഥിതിയുമുണ്ടാകും. പക്ഷേ ഈ ഘടകങ്ങളെല്ലാം രാഹുലിനും റിഷഭ് പന്തിനും ഗുണകരമാണ്.