ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസ്: സെപ്റ്റംബർ 20ന് ഹാജരായില്ലെങ്കിൽ കങ്കണക്കെതിരെ വാറന്റ്
കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകുന്നതിൽ ആരോഗ്യസ്ഥിതി പരിഗണിച്ച് കങ്കണ റണൗട്ടിന് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച ഇളവ് അനുവദിച്ചു. അതേസമയം ഇനി ഇളവുണ്ടാകില്ലെന്നും സെപ്റ്റംബർ 20ന് നടക്കുന്ന വിചാരണയിൽ ഹാജരായില്ലെങ്കിൽ വാറന്റ് പുറപ്പെടുവിക്കുമെന്നും മജിസ്‌ട്രേറ്റ് മുന്നറിയിപ്പ് നൽകി
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ ടെലിവിഷൻ ചാനലുകളിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഇത് അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും കാണിച്ചാണ് ജാവേദ് അക്തർ മാനനഷ്ടഹർജി ഫയൽ ചെയ്തത്. കേസ് റദ്ദാക്കണമെന്ന കങ്കണയുടെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. കൊവിഡിന്റെ ലക്ഷണങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കങ്കണക്ക് ചൊവ്വാഴ്ച ഹാജരാകുന്നതിൽ ഇളവ് നൽകിയത്.