Wednesday, April 16, 2025
Sports

ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ

വരുന്ന ഐപിഎൽ സീസണിലേക്കുള്ള ലേലം നാളെ കൊച്ചിയിൽ നടക്കും. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.

പഞ്ചാബ് കിംഗ്സിനാണ് നിലവിൽ ഏറ്റവും കൂടുതൽ തുക ബാക്കിയുള്ളത്. 3.45 കോടി രൂപ. ചെന്നൈ സൂപ്പർ കിംഗ്സ് (2.95 കോടി രൂപ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (1.55 കോടി രൂപ), രാജസ്ഥാൻ റോയൽസ് (0.95 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ടീമുകൾക്ക് ബാക്കിയുള്ളത്. ഈ തുകയ്ക്കൊപ്പം 5 കോടി രൂപ കൂടി ഫ്രാഞ്ചൈസികൾക്ക് ചെലവഴിക്കാം. ലക്നൗ സൂപ്പർ ജയൻ്റ്സിന് നിലവിൽ തുകയൊന്നും ബാക്കിയില്ല.

ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.

ലേലത്തിൽ ഉയർന്ന വില ലഭിക്കുമെന്ന് കരുതപ്പെടുന്ന ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ സാം കറൻ, ബെൻ സ്റ്റോക്സ്, ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എന്നിവരുടെയൊക്കെ അടിസ്ഥാനവില 2 കോടി രൂപയാണ്. ഇക്കഴിഞ്ഞ ടി-20 ലോകകപ്പിൽ പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ കറന് പൊന്നും വില ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആകെ 991 പേരാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 714 ഇന്ത്യൻ താരങ്ങളും 277 വിദേശ താരങ്ങളുമുണ്ട്. ഇവരിൽ ലേലത്തിനെത്തുക ഐപിഎൽ ഫ്രാഞ്ചൈസികൾ ചേർന്ന് ഫൈനലൈസ് ചെയ്ത താരങ്ങളാവും. ഡിസംബർ 9നു മുൻപ് ഫ്രാഞ്ചൈസികൾ ഈ പട്ടിക കൈമാറണം. ആകെ 87 താരങ്ങളെ ഫ്രാഞ്ചൈസികൾക്ക് വാങ്ങാം. ഇതിൽ 30 പേർ വിദേശതാരങ്ങളാവാം.

ഓസ്ട്രേലിയയിൽ നിന്നാണ് ഏറ്റവുമധികം താരങ്ങൾ ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 57 താരങ്ങൾ ഓസീസിൽ നിന്ന് ഐപിഎൽ ലേലത്തിൻ്റെ ഭാഗമാവും. എന്നാൽ സ്റ്റീവ് സ്‌മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവർ ലേലത്തിൽ ഇല്ല. നായകൻ പാറ്റ് കമ്മിൻസും ഐപിഎലിൽ നിന്ന് പിന്മാറി.

Leave a Reply

Your email address will not be published. Required fields are marked *