ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ
ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.
പഞ്ചാബ് കിംഗ്സിനാണ് നിലവിൽ ഏറ്റവും കൂടുതൽ തുക ബാക്കിയുള്ളത്. 3.45 കോടി രൂപ. ചെന്നൈ സൂപ്പർ കിംഗ്സ് (2.95 കോടി രൂപ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (1.55 കോടി രൂപ), രാജസ്ഥാൻ റോയൽസ് (0.95 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ടീമുകൾക്ക് ബാക്കിയുള്ളത്. ഈ തുകയ്ക്കൊപ്പം 5 കോടി രൂപ കൂടി ഫ്രാഞ്ചൈസികൾക്ക് ചെലവഴിക്കാം. ലക്നൗ സൂപ്പർ ജയൻ്റ്സിന് നിലവിൽ തുകയൊന്നും ബാക്കിയില്ല. ഈ മാസം 15നു മുൻപ് ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കണം.
ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.