ഇനി ഒരു ടീമിൽ 11 അല്ല, 12 പേർ; ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ
ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ. വരുന്ന സീസൺ മുതൽ നിയമം പ്രാബല്യത്തിൽ വരും ബിഗ് ബാഷ് ലീഗിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ് ഇംപാക്ട് പ്ലയർ. ബിസിസിഐയുടെ ടി-20 ആഭ്യന്തര ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഈ സീസണിൽ ‘ഇംപാക്ട് പ്ലയർ’ നിയമം നിലവിൽ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎലിലേക്കും ഈ നിയമം എത്തുന്നത്.
മത്സരത്തിനിടെ പ്ലെയിങ്ങ് ഇലവനിലെ ബാറ്റ് ചെയ്തതോ പന്തെറിഞ്ഞതോ ആയ ഒരു താരത്തിനു പകരം മറ്റൊരു താരത്തെ ഉൾപ്പെടുത്താൻ ടീമുകൾക്ക് സാധിക്കും. ഇതാണ് ഇംപാക്ട് പ്ലയർ. എന്നാൽ, 11 പേർ മാത്രമേ ഫീൽഡിൽ ഉണ്ടാവാൻ പാടുള്ളൂ.
ഈ മാസം 23നാണ് ഐപിഎൽ മിനി ലേലം. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.
ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.