Thursday, January 9, 2025
Sports

ഐപിഎൽ 2023: ടീമുകൾ നിലനിർത്തിയവരും ഒഴിവാക്കിയവരും

വരുന്ന ഐപിഎൽ സീസണു മുന്നോടിയായി മിനി ലേലം അടുത്ത മാസം നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവിധ ഐപിഎൽ ടീമുകൾ പല താരങ്ങളെയും റിലീസ് ചെയ്തു. ഡ്വെയിൻ ബ്രാവോ, ജേസൻ റോയ്, മനീഷ് പാണ്ഡെ, കെയിൻ വില്ല്യംസൺ, നിക്കോളാസ് പൂരാൻ, മായങ്ക് അഗർവാൾ, ആരോൺ ഫിഞ്ച് തുടങ്ങിയ വമ്പൻ താരങ്ങളെയൊക്കെ അതാത് ഫ്രാഞ്ചൈസികൾ കൈവിട്ടു.

നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ ഏറെ മാറ്റങ്ങളൊന്നും വരുത്തിയില്ല. എന്നാൽ, 10 കോടി രൂപ മുടക്കി ടീമിലെത്തിച്ച കിവീസ് പേസർ ലോക്കി ഫെർഗൂസനെയും അഫ്ഗാൻ വിക്കറ്റ് കീപ്പർ റഹ്‌മാനുള്ള ഗുർബാസിനെയും നേരിട്ട് കൊൽക്കത്തയ്ക്ക് കൈമാറി അവർ ലേലത്തിനൊരുങ്ങിക്കഴിഞ്ഞു. കൃത്യമായ റിലീസുകളാണ് ഗുജറാത്ത് നടത്തിയിരിക്കുന്നത്. വിൻഡീസ് ഓൾറൗണ്ടർ ഡോമിനിക് ഡ്രേക്സ്, ഗുർകീരത് സിംഗ്, ഇംഗ്ലണ്ട് ഓപ്പണർ ജേസൻ റോയ്, വരുൺ ആരോൺ എന്നിവരെക്കൂടി റിലീസ് ചെയ്ത ഗുജറാത്തിന് 19.25 കോടി രൂപ ബാക്കിയുണ്ട്. ടീമിൻ്റെ കോർ അങ്ങനെ തന്നെ നിലനിർത്തിയ ഗുജറാത്തിന് ഇനി ചില മികച്ച താരങ്ങളെ കൂടി ടീമിലെത്തിക്കാനും കഴിയും.

കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തിയ മുംബൈ ഇന്ത്യൻസ് ആവട്ടെ ഒരുപിടി താരങ്ങളെ കൈവിട്ടു. ബാറ്റിംഗ് കോർ നിലനിർത്തിയ മുംബൈ ബൗളർമാരിൽ പലരെയും റിലീസ് ചെയ്തു. പക്ഷേ, 20.55 കോടി രൂപ മാത്രമാണ് പഴ്സിൽ ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ മിനി ലേലത്തിൽ ബുദ്ധിപൂർവം ഇടപെട്ടില്ലെങ്കിൽ മുംബൈ വീണ്ടും തകരും. അന്മോൾപ്രീത് സിംഗ്, ആര്യൻ ജുയാൽ, മലയാളി താരം ബേസിൽ തമ്പി, ഓസീസ് ഓൾറൗണ്ടർ ഡാനിയൽ സാംസ്, വിൻഡീസ് ഓൾറൗണ്ടർ ഫേബിയൻ അലൻ, ജയദേവ് ഉനദ്കട്ട്, മായങ്ക് മാർക്കണ്ഡെ, മുരുഗൻ അശ്വിൻ, രാഹുൽ ബുദ്ധി, റൈലി മെരെഡിത്ത്, സഞ്ജയ് യാദവ്, തൈമൽ മിൽസ് എന്നിവരെ മുംബൈ റിലീസ് ചെയ്തു. ഓസീസ് പേസർ ജേസൻ ബെഹ്റൻഡോർഫിനെ നേരിട്ട് ടീമിലെത്തിച്ച മുംബൈയിൽ ജസ്പ്രീത് ബുംറ, ജോഫ്ര ആർച്ചർ എന്നിവർ ഫിറ്റ്നസ് വീണ്ടെടുത്താൽ നേട്ടമുണ്ടാക്കും. ഇവർക്കൊപ്പം ബെഹ്റൻഡോർഫ് കൂടി ചേരുന്ന ബൗളിംഗ് നിര ഭേദപ്പെട്ടതാണ്.

കഴിഞ്ഞ സീസണിൽ 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സും ചില ശ്രദ്ധേയ താരങ്ങളെ റിലീസ് ചെയ്തു. വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ, ന്യൂസീലൻഡ് പേസർ ആദം മിൽനെ, ഇംഗ്ലണ്ട് പേസർ ക്രിസ് ജോർഡൻ, മലയാളി പേസർ കെഎം ആസിഫ്, ഹരി നിശാന്ത്, ഭഗത് വർമ, എൻ ജഗദീശൻ എന്നിവരെയാണ് ചെന്നൈ ഒഴിവാക്കിയത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീം വിടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. മിനി ലേലത്തിലെത്തുമ്പോൾ ചെന്നൈക്ക് 20.45 കോടി രൂപ ബാക്കിയുണ്ട്. ചെന്നൈക്കും വേണ്ടത് ബൗളർമാരെയാണ്.

10.75 കോടി രൂപ മുടക്കി ടീമിലെത്തിച്ച ശാർദുൽ താക്കൂറിനെ നേരിട്ട് കൊൽക്കത്തയ്ക്ക് കൈമാറിയതാണ് കഴിഞ്ഞ സീസണിൽ അഞ്ചാമത് ഫിനിഷ് ചെയ്ത ഡൽഹി ക്യാപിറ്റൽസിൻ്റെ സുപ്രധാന നീക്കം. കിവീസ് വിക്കറ്റ് കീപ്പർ ടിം സെയ്ഫർട്ട്, അശ്വിൻ ഹെബ്ബാർ, ശ്രീകർ ഭരത്, മന്ദീപ് സിംഗ്, എന്നിവരെയും ഒഴിവാക്കിയ ഡൽഹിക്ക് 19.45 കോടി രൂപ ബാക്കിയുണ്ട്. നിലവിൽ ഒരു ശക്തമായ സ്ക്വാഡുള്ള ഡൽഹി ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പറെയാവും ലേലത്തിൽ പ്രധാനമായും ടീമിലെത്തിക്കുക.

വിൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡറെ ഒഴിവാക്കിയതാണ് ലക്നൗ സൂപ്പർ ജയൻ്റ്സ് നടത്തിയതിൽ ഏറ്റവും ശ്രദ്ധേയമായ നീക്കം. എന്നാൽ, 8.75 കോടി രൂപ മൂല്യവും 31 വയസുമുള്ള ഹോൾഡറെ കുറഞ്ഞ വിലയ്ക്ക് മടക്കിവിളിക്കുകയാവും ലക്നൗവിൻ്റെ ലക്ഷ്യം. ബെൻ സ്റ്റോക്സ്, സാം കറൻ, കാമറൂൺ ഗ്രീൻ തുടങ്ങിയ ഓൾറൗണ്ടർമാരെയും ലക്നൗ ഉന്നമിടും. ഓസീസ് പേസർ ആന്രൂ ടൈ, അങ്കിത് രാജ്പൂത്, ദുഷ്‌മന്ത ചമീര, എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ഷഹബാസ് നദീം എന്നിവരെയും ലക്നൗ റിലീസ് ചെയ്തു. 23.35 കോടി രൂപയാണ് ബാക്കിയുള്ളത്.

കഴിഞ്ഞ സീസണിൽ റണ്ണേഴ്സ് അപ്പായ രാജസ്ഥാൻ റോയൽസ് അഞ്ച് വിദേശതാരങ്ങളെയടക്കം 9 പേരെയാണ് റിലീസ് ചെയ്തത്. ന്യൂസീലൻഡ് താരങ്ങളായ ജെയിംസ് നീഷം, ഡാരിൽ മിച്ചൽ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ റസ്സി വാൻ ഡർ ഡസൻ, കോർബിൻ ബോഷ്, ഓസീസ് പേസർ നതാൻ കോൾട്ടർ നൈൽ, അനുനയ് സിംഗ്, ശുഭം ഗർവാൾ, തേജസ് ബറോക, കരുൺ നായർ എന്നിവരെയാണ് രാജസ്ഥാൻ ഒഴിവാക്കിയത്. എന്നാൽ, ദേവ്ദത്ത് പടിക്കലിനെ നിലനിർത്തുകയും ചെയ്തു. 13.2 കോടി രൂപ രാജസ്ഥാനു ബാക്കിയുണ്ട്.

ക്യാപ്റ്റൻ കെയിൻ വില്ല്യംസണെയും (14 കോടി) സൂപ്പർ താരം നിക്കോളാസ് പൂരാനെയുമടക്കം (10.75 കോടി) റിലീസ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഏറ്റവുമധികം തുകയുമായാണ് ലേലത്തിനെത്തുക. ഇരുവരെയും കുറഞ്ഞ തുകയിൽ തിരിച്ചുപിടിക്കാൻ അവർ ശ്രമിച്ചേക്കും. ജഗദീശ സുചിത്, പ്രിയം ഗാർഗ്, രവികുമാർ സമർത്ഥ്, വിൻഡീസ് താരം റൊമാരിയോ ഷെപ്പേർഡ്, സൗരഭ് ദുബേ, ഓസീസ് പേസർ ഷോൺ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയാസ് ഗോപാൽ, സുശാന്ത് മിശ്ര, മലയാളി താരം വിഷ്ണു വിനോദ് എന്നിവരെയും സൺറൈസേഴ്സ് റിലീസ് ചെയ്തു. ഇത്രയധികം താരങ്ങളെ റിലീസ് ചെയ്തെങ്കിലും ഒരു കോർ ഗ്രൂപ്പ് ഇപ്പോഴും ഹൈദരാബാദിനുണ്ട്. ലേലത്തിൽ സമർത്ഥമായി ഇടപെട്ടാൽ വരും സീസണിൽ ഹൈദരാബാദിന് മികച്ച ഇലവനെ അണിനിരത്താനാവും.

അഞ്ച് താരങ്ങളെ മാത്രം റിലീസ് ചെയ്ത ആർസിബിയാണ് ഏറ്റവും കുറവ് താരങ്ങളെ ഒഴിവാക്കിയ ടീം. ബെഹ്റൻഡോർഫിനെ മുംബൈയ്ക്ക് കൈമാറിയ അവർ ചമ മിലിന്ദ്, അനീശ്വർ ഗൗതം, ലുവ്നിത് സിസോദിയ, ഷെർഫെയിൻ റൂതർഫോർഡ് എന്നിവരെയാണ് ആർസിബി റിലീസ് ചെയ്തത്. 8.75 കോടി രൂപ ബാക്കിയുണ്ട്. ബാക്കപ്പ് താരങ്ങളാവും ബെംഗളൂരുവിൻ്റെ ലക്ഷ്യം.

ക്യാപ്റ്റൻ മായങ്ക് അഗർവാൾ (14 കോടി), വിൻഡീസ് ഓൾറൗണ്ടർ ഒഡീൻ സ്‌മിത്ത് (6 കോടി) എന്നിവരെയടക്കം 9 താരങ്ങളെ റിലീസ് ചെയ്ത പഞ്ചാബ് കിംഗ്സ് വീണ്ടും ‘ഒന്നേന്ന്’ തുടങ്ങുകയാണ്. വൈഭവ് അറോറ, ഇംഗ്ലണ്ട് താരം ബെന്നി ഹോവൽ, ഇഷാൻ പോറൽ, അൻഷ് പട്ടേൽ, പ്രേരക് മങ്കാദ്, സന്ദീപ് ശർമ, ഋതിക് ചാറ്റർജീ എന്നിവരെയും ഒഴിവാക്കിയ പഞ്ചാബ് 32.2 കോടി രൂപയുമായാണ് ലേലത്തിനെത്തുക. ഇപ്പോഴും മികച്ച ടീം ബാക്കിയുള്ള പഞ്ചാബ് കൂടുതലും ബാക്കപ്പ് താരങ്ങൾക്കായാവും ശ്രമിക്കുക.

16 താരങ്ങളെ പുറത്താക്കി വെറും 14 താരങ്ങളുമായാണ് കൊൽക്കത്ത ലേലത്തിനെത്തുക. എന്നാൽ, ബാക്കിയുള്ളത് വെറും 7.05 കോടി രൂപ. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാം ബില്ലിംഗ്സ് എന്നിവർ ഐപിഎലിൽ നിന്ന് മാറിനിന്നപ്പോൾ അമൻ ഹക്കിം ഖാനെ കൊൽക്കത്ത ഡൽഹിക്ക് കൈമാറി, ശിവം മവി, അഫ്ഗാൻ താരം മൊഹമ്മദ് നബി, ശ്രീലങ്കൻ താരം ചമിക കരുണരത്നെ, ഓസീസ് താരം ആരോൺ ഫിഞ്ച്, ഇംഗ്ലണ്ട് താരം അലക്സ് ഹെയിൽസ്, അഭിജീത് ടൊമാർ, അജിങ്ക്യ രഹാനെ, അശോക് ശർമ, ബാബ ഇന്ദ്രജിത്ത്, പ്രതം സിംഗ്, രമേഷ് കുമാർ, റാസിഖ് സലാം, ഷെൽഡൻ ജാക്ക്സൺ എന്നിവരെ ഒഴിവാക്കിയ കൊൽക്കത്ത ശാർദുൽ താക്കൂർ, റഹ്‌മാനുള്ള ഗുർബാസ്, ലോക്കി ഫെർഗൂസൻ എന്നിവർ നേരിട്ട് ടീമിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *