രോഗികള്‍ക്ക് ഡോളോ കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി: വിഷയത്തില്‍ സുപ്രിംകോടതി ഇടപെടല്‍
പാരസെറ്റാമോള്‍ ഗുളികയായ ഡോളോ 650 വന്‍തോതില്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ഡോളോയ്ക്ക് എതിരായ ആരോപണത്തില്‍ ഇടപെട്ട് സുപ്രിംകോടതി. വിഷയം അതീവ ഗൗരവകരമെന്ന് സുപ്രിംകോടതി പറഞ്ഞു. വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്കണമെന്ന് സുപ്രിം കോടതി നിര്‍ദേശം നല്‍കി.
1000 കോടി രൂപ ഡോളോയുടെ ഉത്പ്പാദകര്‍ കൈക്കൂലി നല്‍കിയെന്നാണ് ഇന്‍കം ടാക്‌സ് കണ്ടെത്തിയത്. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തത്.
ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ഡോളോ 650 ഉത്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയില്‍ ഐടി സ്‌ക്വാഡ് പരിശോധന നടത്തിയത്. റെയ്ഡിനിടെ ലഭിച്ച രേഖകളില്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ പണം നല്‍കിയത് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തി. ആയിരം കോടിയോളം രൂപ ഡോക്ടര്‍മാര്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. ഡോക്ടര്‍മാര്‍ക്ക് വിദേശയാത്ര അടക്കമുള്ള പാക്കേജുകളും കമ്പനി അനുവദിച്ചിരുന്നു.
ആരോപണവിധേയരായ ഡോക്ടര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുന്ന രേഖകളും ആദായ നികുതി വകുപ്പ് ദേശീയ മെഡിക്കല്‍ കമ്മിഷന് അടുത്ത ദിവസം തുടര്‍നടപടിയെന്ന നിലയില്‍ കൈമാറും. ശേഷമാകും ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കുക.