ബയേൺ മ്യൂണിക്കിന് മുമ്പിൽ ബാഴ്‌സലോണ മുട്ടുകുത്തി; ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്
ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്‌സലോണ പുറത്തായി. നിർണായക മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടാണ് ബാഴ്‌സ പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ ആറിൽ മൂന്ന് കളികളും പരാജയപ്പെട്ടാണ് ബാഴ്‌സ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകുന്നത്.
2000-2001 സീസണിന് ശേഷം ഇതാദ്യമായാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താകുന്നത്. ബയേണിന്റെ മൈതാനത്ത് വെച്ചായിരുന്നു മത്സരം. 34ാം മിനിറ്റിൽ തോമസ് മുള്ളറിലൂടെ ബയേൺ ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കും മുമ്പേ ലെറോയ് സാനെ രണ്ടാം ഗോളും സ്വന്തമാക്കി
ഇതോടെ ബാഴ്‌സ ഏതാണ്ട് പരാജയം സമ്മതിച്ച പോലെയായിരുന്നു. 62ാം മിനിറ്റിൽ ജമാൽ മുസിയാലയിലൂടെ ബയേൺ തങ്ങളുടെ മൂന്നാം ഗോളും നേടി ബാഴ്‌സയുടെ വിധി നിശ്ചയിച്ചു. ബാഴ്‌സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. യൂറോപ്പ ലീഗ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ബാഴ്‌സക്ക് ഈ ടൂർണമെന്റിൽ കളിക്കേണ്ട സാഹചര്യമുണ്ടാകുന്നത്.