കോമണ്‍വെല്‍ത്ത് ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് ലോംഗ് ജംപ് താരം ശ്രീശങ്കർ
കോമണ്‍വെല്‍ത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം ശ്രീശങ്കർ. ലോംഗ് ജംപിലാണ് താരം വെള്ളി നേടിയത്. 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയത്. ബഹാമാസിന്റെ ലക്വാൻ നൈൻ ആണ് സ്വർണ്ണം സ്വന്തമാക്കിയത്. തന്റെ അഞ്ചാം ശ്രമത്തിലാണ് എം. ശ്രീശങ്കറിന് ഈ നേട്ടം സ്വന്തമാക്കാനായത്. ആദ്യത്തെ മൂന്ന് ശ്രമങ്ങളിലും 8 മീറ്ററിനപ്പുറം കടക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. നാലാമത്തെ ശ്രമം ഫൗൾ ആവുകയും ചെയ്‌തിരുന്നു. ഒടുവിൽ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കർ ചരിത്ര നേട്ടം കുറിച്ചത്.
നേരത്തെ ജൂഡോയിൽ തുലിക മാനു വെള്ളി നേടിയിരുന്നു. കലാശപ്പോരിൽ സ്കോട്ട്‌ലൻഡിൻ്റെ സാറ അഡ്ലിങ്ടണോട് പൊരുതിക്കീഴടങ്ങിയാണ് തുലിക വനി തകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തിൻ്റെ തുടക്കത്തിൽ മുന്നിട്ടുനിന്ന ഇന്ത്യൻ താരത്തെ അവസാന ഘട്ടത്തിൽ മലർത്തിയടിച്ച സാറ അഡ്ലിങ്‌ടൺ സ്വർണം നേടുകയായിരുന്നു. അതേ സമയം ഭാരോദ്വഹനത്തിൽ ഇന്ത്യ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുകയാണ്. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിൽ ലവ്‍പ്രീത് സിങ് വെങ്കലം സ്വന്തമാക്കിയിരുന്നു. 109 കിലോയ്ക്ക് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഗുർദീപ് സിങ്ങും വെങ്കലം നേടി.
ഭാരോദ്വഹനത്തിൽ മൂന്ന് സ്വർണമുൾപ്പെടെ പത്ത് മെഡലുകളാണ് ഇന്ത്യ ബർമിങ്ഹാമിൽ നേടിയത്. മീരാ ഭായ് ചാനുവിലൂടെയാണ് ഇന്ത്യ ഗെയിംസിലെ ആദ്യ സ്വർണ്ണം സ്വന്തമാക്കിയത്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലായിരുന്നു നേട്ടം. ഗെയിംസ് റെക്കോർഡ് കൂടിയാണ് ചാനു കുറിച്ചത്. വനിതകളുടെ ഭാരോദ്വഹനത്തിൽ ഹർജിന്ദർ കോർ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടി. അചിന്ത ഷിയോലിയാണ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മൂന്നാം സ്വർണ്ണം നേടിയത്. പുരുഷൻമാരുടെ 67 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിനുംഗ സ്വർണ്ണം നേടിയിരുന്നു.
മെഡൽ കൊയ്ത്തിനെ കഴിഞ്ഞ കാലങ്ങളിൽ ഏറെ സഹായിച്ച ഷൂട്ടിങ് മത്സരങ്ങൾ ഇല്ലാത്തതിന്റെ കുറവ് ഭാരോദ്വഹനത്തിലൂടെ മറികടക്കുകയാണ് ഇന്ത്യ. ഗുസ്തി ബോക്സിങ് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണുള്ളത്.