വിജയ് ഹസാരെ ട്രോഫി: ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് ജയം
വിജയ് ഹസാരെ ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് തകർപ്പൻ ജയം. അഞ്ച് വിക്കറ്റിനാണ് കേരളം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കേരളം 35.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു
ജയത്തോടെ കേരളത്തിന് 16 പോയിന്റായി. നോക്കൗട്ട് റൗണ്ട് കേരളം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. സച്ചിൻ ബേബിയുടെ ബാറ്റിംഗാണ് കേരളത്തിന് വിജയം നേടി കൊടുത്തത്. സച്ചിൻ 71 പന്തിൽ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം 83 റൺസുമായി പുറത്താകാതെ നിന്നു.
സഞ്ജു സാംസൺ 33 റൺസും വിഷ്ണു വിനോദ് 34 റൺസും വിനൂപ് മനോഹരൻ 28 റൺസുമെടുത്തു. നേരത്തെ 93 റൺസെടുത്ത ജയ് ബിസ്റ്റയുടെയും 52 റൺസെടുത്ത ദിക്ഷാൻഷു നെഗിയുടെയും മികവിലാണ് ഉത്തരാഖണ്ഡ് സ്‌കോർ 200 കടത്തിയത്.