അതിവേഗ അർധ സെഞ്ച്വറിയുമായി വിഷ്ണുവിനോദ്; തമിഴ്‌നാടിനെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന കേരളം നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തു. അവസാന ഓവറുകളിൽ വിഷ്ണു വിനോദ് നടത്തിയ വെടിക്കെട്ടാണ് കേരളത്തിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഓപണർ രോഹൻ കുന്നുമ്മലും കേരളത്തിനായി അർധ സെഞ്ച്വറി നേടി.
രോഹൻ കുന്നുമ്മൽ 51 റൺസെടുത്തു. മുഹമ്മദ് അസഹറുദ്ദീൻ 15 റൺസിനും സച്ചിൻ ബേബി 33 റൺസിനും വീണു. നായകൻ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായത് കേരളത്തെ പ്രതിരോധത്തിലാക്കിയെങ്കിലും അവസാന ഓവറുകളിൽ വിഷ്ണു വിനോദ് കത്തിക്കയറുകയായിരുന്നു
വെറും 26 പന്തിൽ വിഷ്ണു വിനോദ് 65 റൺസുമായി പുറത്താകാതെ നിന്നു. ഏഴ് പടുകൂറ്റൻ സിക്‌സറുകളും രണ്ട് ഫോറും വിഷ്ണു അടിച്ചുകൂട്ടി. സജീവൻ അഖിൽ 9 റൺസുമായി പുറത്താകാതെ നിന്നു.