കിരീടത്തില്‍ മുംബൈ മുത്തം; ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ രാജാക്കന്‍മാര്‍
ഐഎസ്എല്ലിന്റെ ഏഴാം സീസണില്‍ പുതിയ ചാംപ്യന്മാര്‍. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ എടിക്കെ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്ന് മുംബൈ സിറ്റി എഫ്‌സി കന്നിക്കിരീടത്തില്‍ മുത്തമിട്ടു. ലീഗ് ഘട്ടത്തിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ കൂടിയായ ഇരുടീമുകളും തമ്മിലുള്ള മല്‍സരം ഒരു ഫൈനലിന്റെ എല്ലാ വീറും വാശിയും നിറഞ്ഞതായിരുന്നു. നേരത്തേ ലീഗ് ഘട്ടത്തിലെ ചാംപ്യന്മാരായ മുംബൈ ഫൈനലിലും ഇതാവവര്‍ത്തിക്കുകയായിരുന്നു.
18ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസിന്റെ ഗോളില്‍ എടിക്കെയാണ് ആദ്യം അക്കൗണ്ട് തുറന്നത്. 29ാം മിനിറ്റില്‍ ടിരിയുടെ സെല്‍ഫ് ഗോള്‍ മുംബൈയെ ഒപ്പമെത്തിക്കുകയായിരുന്നു. മല്‍സരം എക്‌സ്ട്രാ ടൈമിലേക്കും പെനല്‍റ്റിയിലേക്കും നീങ്ങുമെന്നിരിക്കെയായിരുന്നു എടിക്കെയെ സ്തബ്ധരാക്കിയ മുംബൈയുടെ വിജയഗോള്‍. 90ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ബിപിന്‍ സിങിന്റെ വകയായിരുന്നു മുംബൈയുടെ വിജയഗോള്‍. പകരക്കാരനായി ഇറങ്ങിയ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയായിരുന്നു ഗോളിനു ചരടുവലിച്ചത്.
എടിക്കെയുടെ മുന്നേറ്റത്തോടെയായിരുന്നു കളി തുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ തന്നെ റോയ് കൃഷ്ണ ബോളുമായി ചാട്ടുളി കണക്കെ പറന്നെത്തിയെങ്കിലും അതു മുംബൈ ഗോള്‍മുഖത്ത് അപകടമുയര്‍ത്താതെ കടന്നുപോയി. എട്ടാം മിനിറ്റില്‍ മുംബൈ കളിയില്‍ ആദ്യത്തെ ഷോട്ട് പരീക്ഷിച്ചു. ത്രോയ്‌ക്കൊടുവില്‍ ലഭിച്ച ബോളുമായി ബോക്‌സിനകത്തേക്കു കയറിയ റെയ്‌നിയര്‍ ഫെര്‍ണാണ്ടസ് ഷോട്ട് തൊടുത്തെങ്കിലും ലക്ഷ്യം കാണാതെ പുറത്തുപോയി.
11ാം മിനിറ്റില്‍ മുംബൈയ്ക്കു അനുകൂലമായി പെനല്‍റ്റി ലഭിക്കേണ്ടതായിരുന്നു. ആദം ലാ ഫോന്ദ്രെയുടെ ബാക്ക് ബാക്ക് ഹീല്‍ പാസുമായി ബോക്‌സിനകത്തേക്കു കയറിയ ബിപിന്‍ സിങിനെ പ്രീതം കോട്ടാല്‍ ഫൗള്‍ ചെയ്‌തെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല. 18ാ മിനിറ്റില്‍ വില്ല്യംസിലൂടെ എടിക്കെ അക്കൗണ്ട് തുറന്നു. മുംബൈ പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. അഹമ്മദ് ജാഹുവിന്റെ കാലില്‍ നിന്നും ബോക്‌സിനു പുറത്തു നിന്നു തട്ടിയെടുത്ത ബോളുമായി ഓടിക്കയറി വില്ല്യംസ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയില്‍ തുളഞ്ഞുകയറിയപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു.
29ാം മിനിറ്റില്‍ ടിരിയുടെ സെല്‍ഫ് ഗോള്‍ മുംബൈയ്ക്കു സമനില നേടിക്കൊടുത്തു. അഹമ്മദ് ജാഹുവിന്റെ ലോങ് പാസ് ബോക്‌സിലേക്കു താഴ്ന്നിറങ്ങിയപ്പോള്‍ ടിരി ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്വന്തം വലയില്‍ കയറുകയായിരുന്നു.